2011, മാർച്ച് 2, ബുധനാഴ്‌ച

ലക്ഷ്മി ടീച്ചർ
















വർത്തമാനങ്ങളിലെ വീക്ഷണങ്ങൾക്കനുസരിച്ച് പുതുക്കിയെഴുതുന്ന
ഒരു തിരക്കഥയാണ്‌ കുട്ടിക്കാലം എന്നെവിടെയോ വായിച്ചതായി ഓർമ്മവരുന്നു....

നമ്മുടെ ഓർമ്മകളിലൂടെയും, എഴുതപ്പെട്ട രേഖകളിലൂടെയുമാണ്‌
പോയ കാലം ഉണ്ടാകുന്നത്....
ഈ ഫോട്ടോ സമ്മാനിച്ചതിലൂടെ ജ്യോതി അരയമ്പത്ത് എനിക്ക് തന്നത്
ആ തിരക്കഥയിലെ ഒളിമങ്ങാത്ത ഒരു രൂപമാണ്‌... ലക്ഷ്മി ടീച്ചർ...!!!!

രേഖകളും, ഓർമ്മകളും ഒന്നായി വന്നുചേരുന്ന
ഇന്നലെകളിലെ ഞങ്ങളുടെ സ്വന്തം ലക്ഷ്മി ടീച്ചർ...

വെങ്ങര സ്ക്കൂൾ മുറ്റത്തെ പൂത്തുനിൽക്കുന്ന ആകാശമുല്ലകൾക്കിപ്പോഴും
ലക്ഷ്മി ടീച്ചറുടെ മണമാണ്‌....

നിറം മങ്ങാത്ത ഒരു പുഞ്ചിരിയുടെ ബാക്കി.....,
ഹൃദയവിശുദ്ധി വർഷിക്കുന്ന സൌരഭ്യം......
ഇതൊന്നുമൊഴിഞ്ഞ ലക്ഷ്മി ടീച്ചറെ ഞങ്ങൾ കണ്ടിട്ടേയില്ലായിരുന്നു.

ആദ്യാക്ഷരങ്ങൾ ചൊല്ലി തരുമ്പോൾ, ടീച്ചറുടെ മേശയോളം മാത്രം
പൊക്കമുണ്ടായിരുന്ന ഞങ്ങളെ ഒരു നോട്ടം കൊണ്ട് പോലും
നോവിച്ചതായി ഓർമ്മകളിലെവിടെയുമില്ല.

ഉച്ചയ്ക്ക് ഉപ്പുമാവ് വിതരണം ചെയ്യുമ്പോൾ
ടീച്ചറുടെ വരിയിൽ നിൽക്കാൻ ഞങ്ങളൊക്കെ മത്സരിക്കുമായിരുന്നു.
അന്ന് മറ്റുള്ളവരെക്കാൾ കൂടുതലായി ടീച്ചർ വാരിത്തന്ന
ഉപ്പുമാവ് നിറയെ സ്നേഹം മാത്രമായിരുന്നു...
സ്നേഹം വാരിക്കോരി തന്ന അമ്മദൈവം.....!!!!

പുറം അടിച്ച് പൊളിക്കുന്ന കുഞ്ഞിരാമൻ മാഷും,
തോളിനുതാഴെ പൂഴി കൂട്ടി നുള്ളി നുള്ളി
ചോരപ്പാടുകൾ വീഴ്ത്തുന്ന ശങ്കരൻ മാഷും ചത്തുപോകണേ എന്ന്
നേർന്നുകൊണ്ട്, -മാടായിപ്പാറയിലെ പാളയം മൈതാനത്ത്
ഓട്ടമത്സരത്തിന്‌ പോകുമ്പോൾ ഐസ് വാങ്ങാൻ തരുന്ന ചില്ലറ പൈസ
ശിവന്റെ അമ്പലത്തിലെ ഭണ്ഡാരത്തിലിടുമ്പോഴും--
ലക്ഷ്മി ടീച്ചറെ രക്ഷിക്കണേ.... എന്ന് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു...

കാലം ഒരു പുഴ പോലെയാണ്‌
ഒരിക്കൽ ഇറങ്ങിയിടത്ത് വീണ്ടും ഇറങ്ങാനാകാത്ത പുഴ.....
ടീച്ചർ ഇന്ന് ഞങ്ങളെയൊക്കെ ഓർത്തിരിക്കണമെന്നില്ല.
പക്ഷേ-- ഓർമ്മയുടെ ശകലങ്ങൾ തിരിച്ച് വരുമ്പോഴൊക്കെ
ഞങ്ങൾ ടീച്ചറെ ഓർത്തുകൊണ്ടിരിക്കുന്നു...

മനസ്സിനെ പോയകാലത്തോട് ബന്ധിപ്പിക്കുന്ന ഓർമ്മകളുടെ പാലം പണിതീർത്ത
കൂട്ടുകാരി ജ്യോതി അരയമ്പത്തിനും ഒത്തിരി ഒത്തിരി നന്ദി....!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ