2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

വായനശാല


വർത്തമാനത്തിനൊടുവിലെ ദീർഘവിരാമത്തിലാണ്
ചരിത്രത്തിന്റെ ജനനം.
നമ്മുടെ ഓർമ്മകളിലൂടെയും എഴുതപ്പെട്ട രേഖകളിലൂടെയുമാണ്
ഭൂതകാലം ഉണ്ടാകുന്നത്.
മനസ്സിനുള്ളിൽ കോറിയിട്ട ചിത്രങ്ങളും, സ്മരണകളുമായി
പോയ കാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം...
വെങ്ങരയുടെ ഓരോ നാട്ടുവഴികളും ഓർത്ത് വെയ്ക്കാം
ഓരോ വഴികളിലും ഓരോ ഓർമ്മയിട്ട് വരാം
തിരിച്ച് പോകുമ്പോൾ അതെടുത്ത് നോക്കാം...
നോക്കൂ, ഏതെങ്കിലും ഓർമ്മകളിൽ തെളിഞ്ഞ് നിൽക്കുന്നത്
നമ്മുടെ വായനശാല തന്നെയായിരിക്കും !!!

ഉച്ചയ്ക്ക് സ്ക്കൂളിൽ നിന്ന് വീട്ടിലേക്കോടുമ്പോൾ അവിടുത്തെ കോളാമ്പിയിലൂടെ
ആകാശവാണിയിൽ നിന്നു വാർത്തകൾ വായിക്കുന്ന
സുഷമയുടെ ഓർമ്മകളാണ് ആദ്യമെത്തുന്നത്.
അല്ലെങ്കിൽ അക്കാലത്ത് "പൂമ്പാറ്റ"യിൽ അനന്തപൈയുടെ ചിത്രകഥയിലെ
കപീഷിന്റെ നീണ്ടു നീണ്ടു പോകുന്ന വാല് പോലെ......

ഭൂതകാലത്തെ നിയന്ത്രിച്ച പൂർവ്വികർക്ക് വർത്തമാനത്തിലെ
തലമുറയെ കൈപ്പിടിയിൽ ഒതുക്കാനായില്ല.
ഇന്ദിരാഗാന്ധി മരിച്ച ദിവസം ആദ്യമായി കണ്ട വായനശാലയിലെ ടെലിവിഷനിലെ
മൂളുന്ന പാറ്റകൾക്ക് മുന്നിൽ എല്ലാവരും കാഴ്ച്ചക്കാരായി മാത്രം നിന്നു...
പിന്നീട് സ്വപ്നജീവികൾ വരച്ചിടുന്ന കാല്പനിക ലോകത്തേക്കുള്ള പലായനമായിരുന്നു.
വായന അസ്തമിച്ചു.
കാറ്റും വെളിച്ചവും കടക്കാത്ത വേറിട്ട ചിന്തകളുടെ കടന്നുകയറ്റം...
വെങ്ങരയെ കാൻസർ പോലെ കാർന്നു തിന്ന ഗ്രൂപ്പ് രാഷ്ട്രീയവും
വായനശാലയെ തളർത്തി.

പുതുമയുടെ പേരിൽ തീയിട്ട പഴയ പുസ്തകങ്ങൾക്കിടയിൽ നിന്നും കിട്ടിയ
പകുതിയും കത്തി തീർന്ന "ഒരു ദേശത്തിന്റെ കഥ" ഞാനിപ്പോഴും
സൂക്ഷിക്കുന്നുണ്ട്.
അതു ഒരു ദേശത്തിന്റെ പതനമായിരുന്നു.
എൻ.പ്രഭാകരൻ, കൃഷ്ണൻ പണിക്കർ, ഇബ്രാഹിം വെങ്ങര, കെ.പി.കെ,
കെ.പി.ഗോപാലൻ, കെ.കെ.ആർ, ഗിരീഷ് വെങ്ങര തുടങ്ങി
ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത വായനശാലയുടെ മുഖത്തേക്കുള്ള
കാർക്കിച്ച് തുപ്പൽ...

ആരായിരിക്കാം ഉത്തരവാദി ?
അസഹിഷ്ണുതയുടെ മാളങ്ങളിൽ നിന്നും
വിഷസർപ്പങ്ങൾ ഇഴഞ്ഞുവന്നേക്കാം...
ഒരു വിരൽ നിനക്ക് നേരെ നീളുമ്പോൾ ബാക്കി നാല് വിരലുകൾ
എനിക്ക് നേരെ തന്നെയാകാം...
എന്തായാലും വായന ഇല്ലാതാകുന്നിടത്ത് ഒരു സമൂഹം കൂടി
മരിക്കുന്നു എന്നതിന് നമ്മൾ തന്നെയാണ് സാക്ഷികൾ.

ഇത് തിരിച്ചറിവുകളുടെ കാലമാണ്...
സ്വന്തം പരിധികൾ ഭേദിക്കുമ്പോഴാണ് നമുക്ക് തിരിച്ചറിവുകൾ
ഉണ്ടാകുന്നത്.
നാട്ടുവെളിച്ചം കടക്കാത്ത കാട്ടുവഴികളിൽ കൂട്ടം തെറ്റിയവരൊക്കെ
പുതിയ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നു...
ഇന്നലെകളിൽ വെങ്ങരയുടെ പേരും പെരുമയും ഉയർത്തിയ
വായനശാലയുടെ അമ്പതാം വാർഷികം ആഘോഷിക്കപ്പെടുകയാണ്...

കേളുമാഷും, മാരാർമാഷും, ദാമോദരൻ വൈദ്യരും, കേശവൻ മാഷും,
പറമ്പത്ത് കരുണേട്ടനും ഇപ്പോൾ ചിരിക്കുന്നുണ്ടാകാം !!!

ആ നിറകൺചിരി നമുക്കും ഏറ്റുവാങ്ങാം..
 


2011, ജൂൺ 28, ചൊവ്വാഴ്ച

തെക്ക് നിന്ന് പടിഞ്ഞാറേക്ക്

"ഒറ്റപ്പെടുന്നവരെക്കാള് ദുഖിതരായി ഈ ഭൂമിയില് മറ്റാരുണ്ട്"

കലണ്ടറില് മായ്ച്ചു കളയാന് ഇനി കോളങ്ങളില്ല.
ഇന്ന് അവസാന ദിവസമാണ്.
പിന്നിട്ട ദിനങ്ങള്ക്കൊക്കെ എന്തൊരു വേഗതയായിരുന്നു.
മഞ്ഞുപാളികള്ക്കപ്പുറത്തെന്ന പോലെ കണ്ണീര് അവളുടെ
ചിത്രം വരച്ചുതീര്ക്കുകയാണ്.
നീ പിരിയുന്നത് എന്നെ മാത്രമാണ്. പക്ഷെ എനിക്ക് എല്ലാവരേയും പിരിയേണ്ടി വരുന്നു
വേദന കുടിച്ചുതീര്ക്കുന്നത് മറ്റുള്ളവര് കാണാതിരിക്കാനാണ് യാത്ര പോലും തനിച്ചാക്കുന്നത്.
എങ്കിലും റെയില്വേ സ്റ്റേഷനിലെ അവസാന നിമിഷങ്ങള്...
എത്ര പിടിച്ചുനിന്നാലും ഉള്ളമറിയാതെ പൊട്ടിപോവും.
ട്രെയിന് പതുക്കെ യാത്രയാവുമ്പോള് നെഞ്ചിടിപ്പിന്റെ താളവും ഉയരുന്നു.
മുതിര്ന്നവര് കരയുന്നതു കാണാന് മഹാ ബോറാണെന്ന് അവളോട് പറഞ്ഞതൊക്കെ മറന്നു പോവും.
തൂവാലയില് മുഖമമര്ത്തി പൊട്ടികരയുമ്പോള്, തീവണ്ടിയിടെ താളങ്ങളില് അത് അലിഞ്ഞുചേരും.
എങ്കിലും ഓരോ സ്റ്റേഷനുകള് പിന്നിടുമ്പോഴും വല്ലാത്ത ഒരു ആന്തലാണ്.
എതിരെ വരുന്ന വണ്ടിയിലെ യാത്രക്കാരെ അസൂയയോടെ നോക്കിയിരിക്കും...
അത് വടക്കോട്ടേക്കുള്ള വണ്ടിയാണ്....
ഞാന് തെക്കോട്ടേക്കാണ്. തെക്ക് നിന്ന് പടിഞ്ഞാറേക്ക്...
വീടെങ്ങിനെയായിരിക്കുമെന്ന് വെറുതെ വിഭാവന ചെയ്യും.
ഞാനവിടെയില്ല എന്നതൊഴിച്ചാല് എന്തു മാറ്റം.
മകന് ഓടിക്കളിക്കുന്നതിനിടയില് അറിയാതെ "അഛാ...." എന്നു വിളിക്കുന്നുണ്ടാവുമോ, ആവോ.....!!!
രാവിലെയുള്ള നിഴലാകില്ല ഉച്ച്യ്ക്ക്.
അതിന്റെ നീളം കുറഞ്ഞിരിക്കും. വൈകുന്നേരങ്ങളില് അതു വല്ലാതെ വളര്ന്നേക്കാം...
സമയം നിഴലിന്റെ രൂപം മാറ്റി കൊണ്ടേയിരിക്കുന്നു.....

വിമാനത്താവളങ്ങള്ക്ക് രണ്ട് മുഖങ്ങളാണ്...
സന്തോഷത്തിന്റെയും, സങ്കടത്തിന്റെയും.
പക്ഷെ രണ്ടിടത്തും കണ്ണീരിന്റെ ഉപ്പുരസം പുരണ്ടിരിക്കും.
ചില കണ്ണീരുകള്ക്കു മധുരമാണെന്ന് കാത്തിരിപ്പിന്റെ തിരുശേഷിപ്പുകള് ഓര്മ്മിപ്പിക്കുന്നു.
തിരിച്ചു വരവിന്റെ ആനന്ത തിരമാലകാളാണവിടെ.
സന്തോഷത്തിന്റെ വേലിയേറ്റം അവിടെ ഉയരുന്നു.
ഇപ്പുറത്ത് -
വേലിയിറക്കമാണ്....
ഒലിച്ചിറങ്ങുന്ന കണ്ണീര്ച്ചാലുകള്ക്ക് ഉപ്പുരസമല്ല, കയ്പ്പ് തന്നെയാണ്.....വല്ലാത്ത കയ്പ്പ്.
വേലിയേറ്റത്തിലുണ്ടായിരുന്ന പെര്ഫ്യൂമിന്റെ സുഗന്ധം
വേലിയിറക്കത്തില് വിയര്പ്പിന്റെ അസഹ്യമായ നാറ്റമായി അവിടെയാകെ വിലയം ചെയ്യുന്നു.
സംസാരിക്കാനാകാത്ത വിധം തൊണ്ടയില് മിഴിനീരുകള് നിറഞ്ഞിരിക്കും
ഇത് മൂകതയുടെ താഴ്വാരം കൂടിയാണ്.
വേരോടെ പിഴുതുമാറ്റപ്പെടുന്ന ഹതഭാഗ്യരുടെ തീരം.
ഒടുവില് -
വിമാനം റണ്വേ വിട്ടുയരുമ്പോഴുള്ള മാനസിക സമ്മര്ദ്ദം...
ഇപ്പോള് പൊട്ടിപോകുമെന്നു തോനുന്ന ബലൂണുകള് പോലെ ചിലരുടെ നെഞ്ചിന് കൂടുകള്...
പച്ചപ്പ് നഷ്ടമാകുകയാണ്...
ഉര്വ്വരതയില് നിന്നും ഊഷരതയിലേക്കുള്ള യാത്ര.
ഇനിയൊരു തിരിച്ചു വരവ് എന്നാകും.
സന്തോഷത്തിരമാലകളുമായി വിമാനത്താവളത്തിന്റെ ആ മുഖത്ത് ഇനി എന്നാണ്...
സങ്കടക്കടലുകളുടെ ആര്ത്തിരമ്പല്....
താഴെ കടല് ശാന്തമായി കിടക്കുകയാണ്, മ്ലാനവതിയായി.
വിശ്രമിക്കാന് വൃക്ഷത്തലപ്പുകളോ, കുന്നിന് പുറങ്ങളോ ഇല്ലാതെ മേഘക്കൂട്ടങ്ങള് അലയുകയാണ്.
ഗതികിട്ടാ പ്രേതങ്ങള് പോലെ....
പ്രതീക്ഷയുടെ ഭാണ്ഡവും പേറി കുറെ പേര്.
നിവാസിയുടെ തൂവല്ക്കുപ്പായം കൊഴിഞ്ഞുപോയവര്...
പ്രവാസിയുടെ ആവരണമണിഞ്ഞ് ഒരു വിമാനം കൂടി ഒരിക്കലും കിട്ടാത്ത അറബിപ്പൊന്നും തേടി മരുഭൂമിയില് ഇറങ്ങുകയാണ്...
"ഈ ദുഫായി കണ്ടു പിടിച്ച നായിന്റെ മോനേതാണ്.." എന്നു പിറുപിറുത്ത മുഖത്തു നോക്കി അതിഷ്ടമായെന്ന മട്ടില് ചിരിച്ചു കാണിച്ചു..
ഒരു ശരാശരി മലയാളിയുടെ സ്വപ്നതീരമായിരുന്നു ഈ മണലാരണ്യമെന്ന പരുക്കന് യാഥാര്ത്ഥ്യത്തെ മനപ്പൂര്വ്വം വിസ്മരിച്ചുകൊണ്ട്....

2011, മാർച്ച് 2, ബുധനാഴ്‌ച

ലക്ഷ്മി ടീച്ചർ
വർത്തമാനങ്ങളിലെ വീക്ഷണങ്ങൾക്കനുസരിച്ച് പുതുക്കിയെഴുതുന്ന
ഒരു തിരക്കഥയാണ്‌ കുട്ടിക്കാലം എന്നെവിടെയോ വായിച്ചതായി ഓർമ്മവരുന്നു....

നമ്മുടെ ഓർമ്മകളിലൂടെയും, എഴുതപ്പെട്ട രേഖകളിലൂടെയുമാണ്‌
പോയ കാലം ഉണ്ടാകുന്നത്....
ഈ ഫോട്ടോ സമ്മാനിച്ചതിലൂടെ ജ്യോതി അരയമ്പത്ത് എനിക്ക് തന്നത്
ആ തിരക്കഥയിലെ ഒളിമങ്ങാത്ത ഒരു രൂപമാണ്‌... ലക്ഷ്മി ടീച്ചർ...!!!!

രേഖകളും, ഓർമ്മകളും ഒന്നായി വന്നുചേരുന്ന
ഇന്നലെകളിലെ ഞങ്ങളുടെ സ്വന്തം ലക്ഷ്മി ടീച്ചർ...

വെങ്ങര സ്ക്കൂൾ മുറ്റത്തെ പൂത്തുനിൽക്കുന്ന ആകാശമുല്ലകൾക്കിപ്പോഴും
ലക്ഷ്മി ടീച്ചറുടെ മണമാണ്‌....

നിറം മങ്ങാത്ത ഒരു പുഞ്ചിരിയുടെ ബാക്കി.....,
ഹൃദയവിശുദ്ധി വർഷിക്കുന്ന സൌരഭ്യം......
ഇതൊന്നുമൊഴിഞ്ഞ ലക്ഷ്മി ടീച്ചറെ ഞങ്ങൾ കണ്ടിട്ടേയില്ലായിരുന്നു.

ആദ്യാക്ഷരങ്ങൾ ചൊല്ലി തരുമ്പോൾ, ടീച്ചറുടെ മേശയോളം മാത്രം
പൊക്കമുണ്ടായിരുന്ന ഞങ്ങളെ ഒരു നോട്ടം കൊണ്ട് പോലും
നോവിച്ചതായി ഓർമ്മകളിലെവിടെയുമില്ല.

ഉച്ചയ്ക്ക് ഉപ്പുമാവ് വിതരണം ചെയ്യുമ്പോൾ
ടീച്ചറുടെ വരിയിൽ നിൽക്കാൻ ഞങ്ങളൊക്കെ മത്സരിക്കുമായിരുന്നു.
അന്ന് മറ്റുള്ളവരെക്കാൾ കൂടുതലായി ടീച്ചർ വാരിത്തന്ന
ഉപ്പുമാവ് നിറയെ സ്നേഹം മാത്രമായിരുന്നു...
സ്നേഹം വാരിക്കോരി തന്ന അമ്മദൈവം.....!!!!

പുറം അടിച്ച് പൊളിക്കുന്ന കുഞ്ഞിരാമൻ മാഷും,
തോളിനുതാഴെ പൂഴി കൂട്ടി നുള്ളി നുള്ളി
ചോരപ്പാടുകൾ വീഴ്ത്തുന്ന ശങ്കരൻ മാഷും ചത്തുപോകണേ എന്ന്
നേർന്നുകൊണ്ട്, -മാടായിപ്പാറയിലെ പാളയം മൈതാനത്ത്
ഓട്ടമത്സരത്തിന്‌ പോകുമ്പോൾ ഐസ് വാങ്ങാൻ തരുന്ന ചില്ലറ പൈസ
ശിവന്റെ അമ്പലത്തിലെ ഭണ്ഡാരത്തിലിടുമ്പോഴും--
ലക്ഷ്മി ടീച്ചറെ രക്ഷിക്കണേ.... എന്ന് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു...

കാലം ഒരു പുഴ പോലെയാണ്‌
ഒരിക്കൽ ഇറങ്ങിയിടത്ത് വീണ്ടും ഇറങ്ങാനാകാത്ത പുഴ.....
ടീച്ചർ ഇന്ന് ഞങ്ങളെയൊക്കെ ഓർത്തിരിക്കണമെന്നില്ല.
പക്ഷേ-- ഓർമ്മയുടെ ശകലങ്ങൾ തിരിച്ച് വരുമ്പോഴൊക്കെ
ഞങ്ങൾ ടീച്ചറെ ഓർത്തുകൊണ്ടിരിക്കുന്നു...

മനസ്സിനെ പോയകാലത്തോട് ബന്ധിപ്പിക്കുന്ന ഓർമ്മകളുടെ പാലം പണിതീർത്ത
കൂട്ടുകാരി ജ്യോതി അരയമ്പത്തിനും ഒത്തിരി ഒത്തിരി നന്ദി....!!!!

2010, ജൂൺ 29, ചൊവ്വാഴ്ച

അനുഷ്ഠാനങ്ങള്‍ ഉണ്ടാകുന്നത്‌

അന്തിക്കള്ള്‌ മോന്തി കുടിക്കുന്നതിനിടയില്‍ സഖാവ്‌ പരമുവേട്ടന്റെ തലയില്‍ നുരഞ്ഞു പൊന്തിയ ആശയമായിരുന്നു, നമ്മുടെ നാട്ടിലും കളിയാട്ടം നടത്തണമെന്ന്‌.
മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രമാണെന്ന്‌ ഇടക്കിടെ പറയുന്ന പരമുവേട്ടന്റെ വാക്കിന്‌ മറുവാക്കില്ലായിരുന്നു. അതാണ്‌ ബുള്‍ഗാന്‍ പരമുവേട്ടന്‍.

പുഴയോരത്ത്‌ കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രത്തില്‍ അങ്ങിനെ കളിയാട്ടം നടത്താന്‍ തീരുമാനമായത്‌ എല്ലാവരേയും സന്തോഷിപ്പിച്ചു. ആകെ ഒന്ന്‌ കൂത്താടാം എന്ന ചിന്തയായിരുന്നു
ഗ്രാമപാലകരായ ഗോപാലനും, കുമാരനും.
അല്പമെങ്കിലും സങ്കടമുണ്ടായത്‌ കാളപപ്പന്‌ മാത്രമായിരുന്നു. കാരണം തന്റെ നാടന്‍ ചാരായ വിതരണകേന്ദ്രത്തിന്റെ റീട്ടെയില്‍ ഷോപ്പാണ്‌ അടച്ചുപൂട്ടപ്പെടാന്‍ പോകുന്നത്‌. അധികമാരും കടന്നു വരാത്ത ഒരു സുരക്ഷിത മേഖലയായിരുന്നു അവിടം. എന്തായാലും നാടോടുമ്പോള്‍ എതിരെ ഓടുന്നത്‌ തന്റെ ബിസ്സിനസ്സിന്‌ നല്ലതല്ലെന്ന ചിന്തയില്‍ താന്‍ തല്ക്കാലം പുഴക്കരയിലുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്ക്‌ മാറുന്നതായി എല്ലാ കുടിയന്മാരോടും വിളംബരം ചെയ്തു.

വെങ്ങരയിലെ സീനിയര്‍ സിറ്റിസണായ മൊടോന്‍ കാഞ്ഞനു പോലും പണ്ടെപ്പൊഴോ കളിയാട്ടം നടന്നതിന്റെ നേരിയ ഓര്‍മ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും കണിയാന്‍ കൃഷ്ണേട്ടന്‍ കവടി നിരത്തിയപ്പോള്‍ ചിലതെല്ലാം തെളിഞ്ഞു വന്നു. തെയ്യക്കോലങ്ങളുടെ പട്ടിക പൂര്‍ത്തിയായപ്പോള്‍ മുഖ്യ കോലം കെട്ടാനുള്ള അവകാശം കിഴക്കേ ഊരിലുള്ള ചന്തുപ്പണിക്കര്‍ക്കു വന്നു ചേര്‍ന്നു.
തലേന്ന്‌ ചാരായസേവക്കിടയില്‍ രണ്ടു പേരും നടത്തിയ ചില കഥകളി നാട്യങ്ങളുടെ പരിണിതഫലമാണിതെന്ന്‌ കാളപപ്പന്‍ ചൂണ്ടി കാട്ടിയെങ്കിലും അതാരും മുഖവിലക്കെടുത്തില്ല.

തനിക്കും ഒരു മാറ്റമായാലോ എന്ന ചിന്ത ചന്തുപ്പണിക്കരുടെ മകന്‍ പ്രകാശനിലും ഉണ്ടായത്‌ അങ്ങിനെയാണ്‌. ഇതുവരെ ഒരു തെയ്യക്കോലവും കെട്ടാന്‍ പറ്റാത്തതു പറഞ്ഞാണ്‌ ഇന്നലെ വരെ ശകുന്തള തന്നെ കളിയാക്കിയത്‌. പശുവിന്‌ പുല്ലു പറിച്ചു വരുന്ന വഴി മുക്കുറ്റി തോടിനടുത്തുവെച്ച്‌ എത്ര തവണ ഹൃദയം തുറന്നു കാട്ടിയതാണ്‌. മുങ്ങാം കുഴിയിട്ട്‌ തോടിന്‌ നടുവിലെ ചുകന്ന പൂത്താലി പറിച്ചു കൊടുത്തപ്പോഴും അവള്‍ പറഞ്ഞിരുന്നു.,
"തന്നെ വേറെ എന്തിനു കൊള്ളാം....."
ശരിയായിരുന്നു എന്നും തെയ്യപ്പറമ്പില്‍ പിണിയാളായി നില്‍ക്കാന്‍ മാത്രമെ തനിക്ക്‌ യോഗമുണ്ടായിരുന്നുള്ളൂ.

അന്ന്‌ വൈകുന്നേരം പരമുവേട്ടനോട്‌ കള്ളുഷാപ്പില്‍ വെച്ച്‌ കാര്യമവതരിച്ചപ്പോള്‍ എല്ലാവരും ഒറ്റകെട്ടായി ആര്‍ത്തുചിരിച്ചു. പക്ഷേ സര്‍ഗവാസനകള്‍ പൊട്ടിമുളക്കുന്നത്‌ കള്ള്‌ഷാപ്പില്‍ വെച്ചാണെന്ന തത്വം ചൂണ്ടിക്കാട്ടി പരമുവേട്ടന്‍ അവനെ പിന്താങ്ങി.
"തന്റെ അപ്പന്‍ സമ്മതിച്ചാല്‍ ഞങ്ങക്കും സമ്മതം.."
കറുത്ത്‌ നീണ്ടു മെലിഞ്ഞ പ്രകാശന്റെ കരുവാളിച്ച മുഖം അന്നാദ്യമായി പ്രകാശിച്ചു.

നിസ്സഹായവസ്ഥയില്‍ ദൈവം ഉടലെടുക്കുമെന്ന്‌ ബുള്‍ഗാന്‍ പരമുവേട്ടന്‍ പറഞ്ഞത്‌ വിശ്വസിച്ചു കൊണ്ട്‌ അവന്‍ തന്റെ അപ്പനോട്‌ കാര്യമവതരിപ്പിച്ചു. അതിന്‌ മറുപടിയായി വന്ന അപ്പന്റെ ചിരിയില്‍ ഒരു പുച്ചനാല്‍റ്റിയുണ്ടായിരുന്നു.
നാലാം ക്ലാസില്‍ നാലു തവണ തോറ്റ്‌ തൊപ്പിയിട്ട്‌, അദ്ധ്യാപകരെക്കാളും തലമുതിര്‍ന്നതിനാല്‍ "എച്ച്‌.എം." എന്ന വിളിപ്പേരുണ്ടായപ്പോഴും പണ്ടേ അവന്‍ പറയാറുണ്ടായിരുന്നു,
"അപ്പാ...ഞാനൊരു ഡോക്കിട്ടരാവും..."
അല്ലെങ്കിലും ബോബനും മോളിയിലെ ഹിപ്പിച്ചായന്റെ ഫോട്ടോസ്റ്റാറ്റില്‍ ഒരു തെയ്യക്കോലത്തിന്റെ ഇമേജ്‌ പേസ്റ്റ്‌ ചെയ്യാന്‍ അവന്റെ അപ്പന്‌ ഒരിക്കലും സാധിക്കുമായിരുന്നില്ല.

പക്ഷേ പ്രകാശന്‍ ഉറച്ചു തന്നെയായിരുന്നു.
മുക്കുറ്റി തോടിലെ ചുകന്ന പൂത്താലി കൊണ്ട്‌ മാലയുണ്ടാക്കി ശകുന്തളയുടെ കഴുത്തില്‍ ചാര്‍ത്തണമെന്ന മോഹം അവനെ ഭ്രാന്തനാക്കി മാറ്റി.
അടുക്കളയിലെ മണ്‍ച്ചട്ടികളും, കലങ്ങളും അടിച്ചു പൊട്ടിച്ചു.
അപ്പന്‍ അനങ്ങുന്നേയില്ല.
കുട്ടിക്കാലത്ത്‌ തന്നെ ഓണത്തപ്പന്‍ കെട്ടിച്ച്‌ കാശുണ്ടാക്കി അപ്പനെത്ര കള്ള്‌ കുടിച്ചതാണ്‌.
പിന്നിലെ ചായ്പ്പില്‍ അപ്പന്‍ സൂക്ഷിച്ചിരുന്ന നാടന്‍ ചാരായം കട്ടുകുടിച്ച്‌ ഒരു പാട്‌ ചീത്ത വിളിച്ചു.
പടിഞ്ഞാറെ ആയിഷുമ്മയുടെ വീട്ടില്‍ കോഴിത്തലയില്‍ കൂടോത്രം വെച്ചത്‌ നാട്ടില്‍ പാട്ടാക്കുമെന്ന്‌ ഭീഷണിപ്പെടുത്തി.
ദേഹം നിറയെ രോമമുള്ള അപ്പനെ "ചൊപ്പന്‍" എന്നു വിളിച്ചു.
പക്ഷേ ചന്തുപ്പണിക്കര്‍ കുലുങ്ങിയതേയില്ല.
ശകുന്തളയോടുള്ള പ്രേമത്തില്‍ ചുട്ടു പൊള്ളുകയായിരുന്ന അവനോടുവില്‍ അവസാനത്തെ ആയ്യുധമെടുത്തു.
...പാശായുധം..!!!
പശുവിന്റെ കഴുത്തിലെ കയറഴിച്ച്‌ മുറ്റത്തെ മാവില്‍ കെട്ടിതൂങ്ങി ചാകുമെന്ന ഭീഷണിയില്‍ ഒടുവില്‍ ചന്തുപ്പണിക്കര്‍ വീണുപോയി.

ചന്തുപ്പണിക്കര്‍ ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്ത പഴയ അടവുകളൊന്നും പ്രകാശന് ആദ്യം വഴങ്ങിയതേയില്ല.
ജോണീവാക്കറില്‍ മമ്മൂട്ടി നൃത്തം ചെയ്തത്‌ ഇതിനേക്കാള്‍ മനോഹരമായിരുന്നുവെന്ന്‌ പറഞ്ഞ്‌ കളിയാക്കിയത്‌ ശകുന്തള തന്നെയായിരുന്നു. അവന്റെ പരിശീലന കളരിയിലേക്ക്‌ അവളെന്നും ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു പോലും. എന്തായാലും അവളുടെ ആ അദൃശ്യ സാന്നിദ്ധ്യം അവനെ വല്ലാതെ ഉത്തേജിപ്പിച്ചു.
കാണാമറയത്ത്‌ നിന്നുള്ള ആ കരിമിഴികളുടെ നോട്ടവും, കുപ്പിവള കിലുക്കങ്ങളും അവനെ ഒരു സരോജ്‌ കുമാറാക്കി മാറ്റി.
പാര്‍ട്ടിക്കാരുടെ റൂട്ട്‌ മാര്‍ച്ചില്‍ പരമുവേട്ടന്റെ "ഓലക്കാല്‍....ശീലക്കാല്‍...." തിയറിയില്‍ പോലും അമ്പേ പരാജയപ്പെട്ടിരുന്ന അവനെ ആ നാരീസ്മരണ വല്ലാതെ മാറ്റി മറിച്ചു.

കളിയാട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതിയായി നടന്നു കൊണ്ടിരുന്നു. ക്ഷേത്രത്തിന്റെ പിന്നിലെ ചുമരുകളില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച കൊണ്ട്‌ എഴുതിയ കുടിയന്മാരുടെ പറ്റുകണക്കുകളൊക്കെ കുമ്മായം പൂശി മായ്ച്ചു കളഞ്ഞത്‌ കാള പപ്പന്റെ കണക്കുകളെ തെറ്റിച്ചുവെങ്കിലും, ഗോപാലനും, കുമാരനും ഉള്ളില്‍ ചിരിച്ചു.

നാട്ടുകൂട്ടങ്ങളിലെ ചര്‍ച്ചകളൊക്കെ പ്രകാശന്റെ അരങ്ങേറ്റത്തെ കുറിച്ചു മാത്രമായി. വൈകുന്നേരത്തെ കള്ളുഷാപ്പിലെ സാംസ്കാരിക ചര്‍ച്ചകളില്‍ പോലും അവനിടം നേടിയത്‌ കുമാരനെ തെല്ലു ചൊടിപ്പിച്ചു.
കാരണം ശകുന്തള അവന്റേയും ഉറക്കം കെടുത്തിയിരുന്നു.
ഒരു ലൈനൊക്കെ വലിച്ചു നോക്കിയതാണ്‌. പക്ഷേ അവള്‍ ചാര്‍ജ്ജ്‌ ചെയ്തതേയില്ല.
വണ്‍വേ ഒരു ഹൈവേ തന്നെ ആക്കി തരാമെന്ന്‌ ഗോപാലനും ഏറ്റതാണ്‌. അതിനിടയിലാണ്‌ പ്രകാശന്‍ ചാടിക്കേറിയത്‌.
പ്രേമത്തിന്‌ കണ്ണും, കാതും മാത്രമല്ല മണവും കൂടിയില്ല എന്നവന്‍ തെളിയിച്ചില്ലേ....

അങ്ങിനെ കളിയാട്ട ദിവസം വന്നെത്തി.
കാള പപ്പന്‌ തിരക്കോടു തിരക്കായിരുന്നു. ഏഴിമലയില്‍ നിന്നും കശുമാങ്ങയിട്ട്‌ വാറ്റിയ നല്ല ചൂടന്‍ റാക്ക്‌ കുറെ സ്റ്റോക്ക്‌ ചെയ്തിരുന്നു. ഒരു തുള്ളി വെള്ളം കിട്ടാതെ ആരും വലയരുതെന്ന ചിന്തയായിരുന്നു അയാള്‍ക്ക്‌.
അതിനാല്‍ തന്നെ വൈകുന്നേരമാത്രമായിരുന്ന വില്പന ഇരുപത്തിനാലു മണിക്കൂറാക്കീ വിപുലീകരിച്ചു.
ഗോപാലനും, കുമാരനും അവിടെ തന്നെ സ്റ്റേ ചെയ്ത്‌ പരിധി വിട്ട്‌ കുടിച്ചു കൊണ്ട്‌ തങ്ങളുടെ പ്രോത്സാഹനമറിയിച്ചു.

വൈകുന്നേരമായതോടെ ക്ഷേത്രപരിസരം ജനസാഗരമായി.
കൊയ്തൊഴിഞ്ഞ വയലുകളെല്ലാം ഉത്സവ ചന്തകള്‍ നിറഞ്ഞു. കുപ്പിവളക്കാരന്‍ പെണ്ണുങ്ങളെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു. ചാന്തു കച്ചവടക്കാരനും, ബലൂണ്‍ കാരനുമൊക്കെ തങ്ങളുടെ സൌഹൃദങ്ങള്‍ പുതുക്കി.

"ഗൂള്‍ ഡ്രിങ്ക്‌സ്‌......ഗൂ..ള്‍....ഡ്രിങ്ക്‌സ്‌........"
എന്ന കിളി ശ്ബ്ദത്തിലുള്ള കച്ചവടക്കാരന്റെ മുന്നിലെ വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുപ്പി ഗ്ലസ്സുകളിലെ സാക്രിന്‍ വെള്ളത്തിലേക്ക്‌ പിള്ളേരൊക്കെ ആര്‍ത്തിയോടെ നോക്കി നിന്നു.

മരത്തിന്‌ മുകളില്‍ കെട്ടിയ കോളമ്പികളിലൂടെ പരമുവേട്ടന്റെ ടണ്‍ കണക്കിന്‌ ബാസിലുള്ള "ഹെലോ...ഹലോ...." വിളികള്‍ ഇടി നാദം പോലെ മുഴങ്ങി.

കുഞ്ഞിമംഗലത്ത്‌ നിന്ന്‌ വേലന്മാരും, മാടായില്‍ നിന്ന്‌ പണിക്കാന്മാരുമൊക്കെ വന്നണഞ്ഞതോടെ പ്രകാശന്‌ ആകെ അങ്കലാപ്പായി. പുലര്‍ച്ചെയാണ്‌ തെയ്യമെങ്കിലും ഒരു അകാരണമായ പേടി അവനെ പിടികൂടി. വരുന്നവരൊക്കെ ഓലപ്പന്തലിന്നുള്ളിലേക്ക് വന്ന്‌ തന്നെ തന്നെ നോക്കുകയാണ്‌.
ഒന്നും വേണ്ടായിരുന്നു എന്നവന്‌ തോന്നാതിരുന്നില്ല.
ഇത്‌ തന്റെ ആഗ്രഹമല്ല, ദുരാഗ്രഹം തന്നെയായിരുന്നു.
ശകുന്തളയുടെ ഒടുക്കത്തെ മോഹത്തെ അവന്‍ മനസാ ശപിച്ചു.

അപ്പനും കൂട്ടരുമൊക്കെ കുരുത്തോലയും, കാട്ടുചെക്കിയും കൊണ്ട്‌ അലങ്കാരങ്ങളൊരുക്കുകയാണ്‌. വേലന്മാരുടെ കുറത്തിയുടെ പുറപ്പാടിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി. കേളിക്കൊട്ടുയര്‍ത്തി ചെണ്ടയുടെ അസുരതാളങ്ങള്‍ ഉയരുന്നതിനിടയിലാണ്‌ പുറത്ത്‌ ഗോപാലന്റേയും, കുമാരന്റേയും പൂരപ്പാട്ട്‌ കേട്ടത്‌.മുച്ചീട്ട്‌ കളിക്കാരനുമായുണ്ടായ അടിപിടിയായിരുന്നു. കുമാരനോക്കെ കുടിച്ച്‌ കുടിച്ച്‌ കണ്ണിലെ പൊട്ട്‌ തന്നെ മറഞ്ഞിരുന്നു.

രണ്ടെണ്ണം അകത്താക്കിയാലോ എന്ന മോഹം അപ്പോഴാണ്‌ പ്രകാശനില്‍ പൊട്ടി മുളച്ചത്‌. ഓലക്കീറിനുള്ളിലൂടെ കുമാരനോട്‌ കാര്യം അവതരിപ്പിച്ചു.
തറയില്‍ കാലുറപ്പിച്ച്‌ നിര്‍ത്താനുള്ള തത്രപ്പാടിനിടയിലും പ്രകാശന്റെ ആവശ്യം കുമാരനെ കര്‍മ്മോത്സുകനാക്കി.
ഒരു ശിഷ്യനെ കിട്ടിയ സന്തോഷമായിരുന്നു ഗോപാലനും.
കള്ള്‌ വേറെ, തെയ്യം വേറേ....
അരയില്‍ തപ്പി നോക്കിയപ്പോള്‍ സ്റ്റോക്ക്‌ കാണാനില്ല.
അടിപിടിക്കിടയില്‍ ട്രൊസറിനുള്ളിലൂടെ അത്‌ ഊര്‍ന്നൂപോയിരുന്നു. പക്ഷേ കുടിയന്മാരുടെ സ്നേഹം വളരെ വളരെ വലുതാണ്‌.ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കണമെന്ന പരമുവേട്ടന്റെ സോഷ്യലിസം പ്രാവര്‍ത്തികമാക്കാനുള്ള സന്ദര്‍ഭമാണിത്‌.

പുഴയിലെ വെള്ളം പരമാവധി ഉപയോഗിച്ചിട്ടും എല്ലാവരുടേയും ദാഹമകറ്റാനാകാതെ വളരെ സങ്കടത്തോടെ കാള പപ്പന്‍ "നോ സ്റ്റോക്ക്‌" ബോര്‍ഡ്‌ തൂക്കിയതിനാല്‍ അവിടെ രക്ഷയില്ല.
പക്ഷേ കുടിയന്മാരുടെ മനസ്സ്‌ എപ്പോഴും ജാഗരൂഗമായിരിക്കുമെന്ന്‌ തെളിയിച്ചു കൊണ്ട്‌ ഗോപാലനും, കുമാരനും കള്ള്‌ഷാപ്പിലേക്ക്‌ ഓടി.
ഷാപ്പടച്ചിരുന്നുവെങ്കിലും പിന്നിലെ ചായ്പ്പിനിടയിലൂടെ നുഴഞ്ഞുകയറിയത്‌ കുമാരനായിരുന്നു.

മണ്‍കുട്ടകത്തിനടിയില്‍ ഊറിക്കൂടിയിരുന്ന കള്ള്‌ കോരിയെടുക്കുന്നതിനിടയിലാണ്‌ അവന്റെ തലച്ചോറില്‍ ഒരു ചെറിയ മിന്നലുണ്ടായത്‌..!!!
തന്നെ കാണുമ്പോള്‍ ശകുന്തള മുഖം തിരിക്കാന്‍ കാരണക്കാരന്‍ ആരാണ്‌....?
തന്നെ ഒരു അവശകാമുകനാക്കിയത്‌ ആരാണ്‌...?
എന്തായാലും രമണനോ, പരീക്കുട്ടിയോ ചെയ്ത പോലെ പാട്ടുപാടി നടക്കാനൊന്നും പറ്റില്ല.
താനൊരു കുടിയന്‍ മാത്രമല്ല, വേട്ടക്കാരന്‍ കൂടിയാണെന്ന്‌ തെളിയിക്കണം...ഷൂട്ട്‌ ചെയ്യുക തന്നെ...

അധികം ചിന്തിച്ച്‌ നില്‍ക്കാതെ അവന്‍ അടുപ്പില്‍ നിന്നും കുറച്ച്‌ വെണ്ണീറെടുത്ത്‌ കള്ളില്‍ നന്നായി കലക്കി. മണ്‍ചട്ടിയില്‍ ബാക്കിയുണ്ടായിരുന്ന മീന്‍ കറിയും കോരിയെടുത്തു.

ക്ഷേത്രത്തിനു പിന്നിലെ ഇരുട്ടില്‍ തലയില്‍ മുണ്ടിട്ട്‌ പ്രകാശന്‍ ഒറ്റവലിയില്‍ സാധനം അകത്താക്കി. മീന്‍ കറി തൊട്ടൂ നക്കി പാത്രത്തിന്റെ അടിയില്‍ ഊറിക്കിടന്ന ധൈര്യത്തെ ഒരു തുള്ളി പോലും അവന്‍ പാഴാക്കിയില്ല.
കുമാരന്റെ ഈ കൊടും ചതി സന്തത സഹചാരിയായ ഗോപാലന്‍ പോലുമറിഞ്ഞില്ല.

പ്രകാശന്‌ ധൈര്യം സിരകളിലാകെ പടര്‍ന്നു കയറി.
ഒന്നല്ല ഒരായിരം തെയ്യം കെട്ടാനുള്ള ശക്തി. തിരിച്ച്‌ ആരും കാണാതെ പന്തലിനുള്ളിലെത്തിയപ്പോള്‍ വയറിനുള്ളിലെവിടെയോ എന്തോ ഒരു ഇളക്കമുണ്ടായതായി അവനു തോന്നി.പക്ഷേ അതിനു മേലെയായിരുന്നു കള്ളിന്റെ ലഹരി.

കുറത്തി ആടി കഴിഞ്ഞിരുന്നു. ഭക്തരൊക്കെ ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങാനുള്ള തിരക്കിലാണ്‌. അതിനിടയില്‍ അതാ ശകുന്തള അണിഞ്ഞൊരുങ്ങി...ഒന്നല്ല..രണ്ടു രൂപത്തില്‍....
കണ്ണുകള്‍ എവിടെയും ഉറച്ചു നില്‍ക്കുന്നില്ല....

അരങ്ങേറ്റത്തിനു മുന്നെ ഒരു ചെറുമയക്കം നല്ലതെന്ന്‌ കരുതി ആരുമവനെ ശല്ല്യപ്പെടുത്തിയില്ല. ഉറക്കത്തിനിടയില്‍ തന്നെ അവന്റെ മുഖത്തെഴുത്തൊക്കെ പൂര്‍ത്തിയാക്കി. അപ്പന്‍ തട്ടിവിളിച്ച്‌ എഴുന്നേല്‍പ്പിച്ചപ്പോള്‍ അവനാദ്യം അമ്പരപ്പായിരുന്നു.
തന്റെ അരങ്ങേറ്റമാണ്‌ നടക്കാന്‍ പോകുന്നത്‌. കള്ളിന്റെ ലഹരി തീര്‍ത്തും വിട്ടു പിരിഞ്ഞിരുന്നില്ല.
അരയില്‍ കച്ച മുറുക്കി കെട്ടുമ്പോള്‍ വീണ്ടും വന്നു ഒരു വയറു വേദന...
ഒന്നു പുറത്തിരുന്നാലോ... എന്ന ശങ്ക...!!

അണിയലുകളൊക്കെ കഴിഞ്ഞു. കുത്തുവിലക്കുമായി സഹായികള്‍ കൈപിടിച്ചു. അപ്പന്റെ കാല്‍ തൊട്ട്‌ വന്ദിച്ച്‌ ക്ഷേത്രാങ്കണത്തിലേക്ക്‌ നടന്നു....
വെളിച്ചം പകര്‍ന്ന ചൂട്ടുകളുടെ കനലുകള്‍ തട്ടിത്തെറിപ്പിച്ച്‌....കാലുകള്‍ അമര്‍ത്തി ചവിട്ടി ചിലങ്കകളുടെ ധ്വനികളുയര്‍ത്തി.....
കിരീടം തലയിലുറപ്പിച്ച്‌ ചെറുകണ്ണാടിയില്‍ തുറിച്ചു നോക്കി അട്ടഹസിച്ചതോടെ അവനൊരു ദൈവമായി മാറി....
ചെണ്ടമേളങ്ങള്‍ക്കു മേലെ അലറി വിളിച്ചു കൊണ്ട്‌ അവന്‍ നൃത്തമാരംഭിച്ചു....
ഒന്നോ രണ്ടോ ചുവടുകള്‍ മാത്രം....
വയറിനുള്ളില്‍ വീണ്ടും വല്ലാത്ത വേദന...
എന്തൊക്കെയോ അമറുന്ന പോലെ....
അന്തിക്കള്ളും, വെണ്ണീറും തമ്മിലുള്ള രസതന്ത്രം പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാവാം....

ചുറ്റിലും തിങ്ങി നിറഞ്ഞ പുരുഷാരമാണ്‌.. എല്ലാവരും തെയ്യത്തിനെ ഭയഭക്തിയോടെ തൊഴുതു നില്‍ക്കുന്നു.
അവന്റെ വയറിനുള്ളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കുകയാണ്‌. പുറത്തേക്ക്‌ കുതിക്കാനുള്ള വെമ്പലോടെ....
പുറത്തേക്ക്‌....പുറത്തേക്ക്‌ എന്ന മുദ്രാവാക്യം വിളികള്‍ ശക്തമായി.
ശ്വാസമൊക്കെ ഉള്ളിലേക്ക്‌ വലിച്ച്‌ പിടിച്ചു.
....എന്റെ പരദേവതേ........!!!" അവന്‍ കരഞ്ഞു വിളിച്ചു...
മുഖമൊക്കെ വലിഞ്ഞു മുറുകി...!!!
ഭക്തരൊക്കെ അന്തം വിട്ട്‌ നോക്കുകയാണ്‌..
ചന്തുപ്പണിക്കര്‍ വരെ തൊഴുതു നിന്നു. അവനില്‍ ദൈവം സന്നിവേശിച്ചതായി അയാള്‍ക്കും തോന്നി.
എന്തൊരു ഭാവമാറ്റം....ചുവടുകളൊക്കെ പ്രത്യേക തരത്തിലായി.
പ്രകാശന്റെ കണ്ണില്‍ വരെ ചോര പൊടിഞ്ഞു.
ഇനി രക്ഷയില്ല.....
ആളുകള്‍ക്കിടയിലൂടെ ഒരൊറ്റ ചാട്ടമായിരുന്നു.
നേരെ ക്ഷേത്രക്കുളത്തിലേക്ക്‌....

ഭക്തരൊക്കെ അമ്പരന്നു പോയി....ഇതു വരെ കാണാത്ത ചടങ്ങ്‌..!!!
കഴുത്തോളം വെള്ളത്തിലിരുന്ന്‌ അവനെന്തായാലും കാര്യം സാധിച്ചു. ആരുമറിയാതെ.
ആര്‍ക്കും ഒന്നും മനസ്സിലായില്ല. ചതിയന്‍ കുമാരനൊക്കെ മുന്നേ ഓഫായിരുന്നു.
എല്ലാവരും കുളത്തിനു ചുറ്റും ഓടിക്കൂടിയപ്പോള്‍ അവന്‍ വീണ്ടും ആഴങ്ങളിലേക്ക്‌ മുങ്ങാം കുഴിയിട്ട്‌ രൌദ്ര ഭാവത്തോടെ പൊന്തിവന്നു...നരസിംഹത്തിലെ മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ പൊലെ ഈറനണിഞ്ഞ്‌ കുളപ്പടവിലിരുന്നപ്പോള്‍ മൊടോന്‍ കാഞ്ഞന്‍ വിളിച്ചു പറഞ്ഞു
"..ഇതാണ്‌ നമ്മുടെ കൊളത്തില്‍ ചാമുണ്ടി...."

'''''''''''''''''''''''''''''''''''''''''''''''''''''''''''
അങ്ങിനെ പ്രകാശന്‍ ഒരു സംഭവമായി മാറി.
അവന്റെ വിജയം അടച്ചമര്‍ത്തപ്പെട്ടവന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായി സഖാവ്‌ പരമുവേട്ടന്‍ വിലയിരുത്തി..!!!

ശകുന്തള അവന്റെ ജീവിത സഖിയായി..

ഒരു വര്‍ഷത്തെ കാഴ്‌ച്ചകള്‍ക്കു മുന്നില്‍ നമുക്ക്‌ കണ്ണടക്കാം.

ക്ഷേത്രത്തില്‍ വീണ്ടും കളിയാട്ടം വന്നു.
തെയ്യക്കോലം ആരു കെട്ടുമെന്ന ചോദ്യമുണ്ടായില്ല.
പ്രകാശന്‍ ഒരു മഹാപ്രസ്ഥാനമായി മുന്നിലുണ്ടല്ലോ.

ഇത്തവണ തെയ്യം കെട്ടിയപ്പോള്‍ അവന്‌ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ചുവ്വടുകളൊക്കെ അനായാസമായിരുന്നു.
പക്ഷേ....
താനായുണ്ടാക്കിയതാണെങ്കിലും അനുഷ്ഠാനങ്ങള്‍ തെറ്റിക്കരുതല്ലോ...
അലറി വിളിച്ചു കൊണ്ട്‌ ഇത്തവണയും അവന്‍ കുളത്തിലേക്ക്‌ എടുത്തു ചാടി.
അലക്കുകാരന്‍ വണ്ണത്താന്‍ അമ്പുവേട്ടന്‍ അപ്പോഴാണ്‌ വെടി പൊട്ടിച്ചത്‌...
"നായിന്റെ മോന്‍....ഇത്തവണയും ഉടുത്തതില്‍ തൂറിയല്ലോ..."

കുളത്തില്‍ ചാമുണ്ടിയുടെ കഥ അങ്ങിനെ പുറത്തായി.
അനുഷ്ഠാനങ്ങള്‍ ഉണ്ടാക്കിയ പ്രകാശന്‌ പുതിയ ഒരു പേരും കിട്ടി...
അതെന്താണെന്നു മാത്രം പറയുന്നില്ല...!!!!

2010, ജൂൺ 6, ഞായറാഴ്‌ച

ഒരു തെയ്യക്കഥ

കുട്ടിക്കാലത്ത്‌ തെയ്യങ്ങളെ വല്ലാത്ത പേടിയായിരുന്നു.
ചെണ്ടയുടെ അസുരതാളങ്ങള്‍ക്കു മേലെ കാല്‍ചിലങ്കകളുടെ കിലുകിലാരവം ഉയര്‍ത്തി ചടുല താളങ്ങളില്‍ നൃത്തമാടുന്ന അവയുടെ മുഖത്ത്‌ ഒരു വല്ലാത്ത ഭീകരതയാണ്‌ ഞാന്‍ ദര്‍ശിച്ചിരുന്നത്‌.

ചുകപ്പിന്റെ തീക്ഷണതയില്‍, കരിയെഴുതി വലുതാക്കിയ കണ്‍തടങ്ങളിലെ കൃഷ്ണമണികളുടെ തുറിച്ചു നോട്ടം എനിക്ക്‌ അസഹനീയമായിരുന്നു.

ആകാശത്തിന്റെ അതിരുകളോളം പരന്നു കിടക്കുന്ന വയലേലകള്‍ക്ക്‌ നടുവില്‍, അരയാല്‍ മരങ്ങളും, പാലകളും, പൂത്തു നില്‍ക്കുന്ന ഇലഞ്ഞി മരങ്ങളുമുള്ള പൂമാലക്കാവിന്റെ പരിസരത്ത്‌ ഒറ്റയ്ക്കു പോകാന്‍ എനിക്കെന്നും ഭയമായിരുന്നു. രാത്രി കാലങ്ങളില്‍ അവിടെയാകെ കറങ്ങി നടക്കുന്ന തെയ്യങ്ങളേയും, അവരുടെ ഭൂതഗണങ്ങളെയും കുറിച്ചുള്ള പഴമക്കാരുടെ കഥകളും എന്റെ ഭയത്തിന്‌ ആക്കം കൂട്ടി.

വീടിനും, കാവിനും ഇടയില്‍ തീവണ്ടി പാതയാണ്‌. അത്‌ മാടായിയില്‍ നിന്നും നേരെ മംഗലാപുരത്തേക്കാണെന്ന്‌ കൂട്ടുകാര്‍ പറഞ്ഞു. മാടായി പ്രതിഭാ ടാക്കീസിനപ്പുറമുള്ള റെയില്‍ ഞാനും കണ്ടിട്ടില്ലായിരുന്നു. മംഗലാപുരത്ത്‌ നിന്നും വെങ്ങരയിലേക്ക്‌ ഒറ്റ വഴിയാണെന്ന്‌ പൊട്ടന്‍ രാഘവേട്ടനും പറഞ്ഞു കേട്ടിട്ടുണ്ട്‌. ഉഡുപ്പിയില്‍ നിന്ന്‌ വരുന്ന വഴി കാശ്‌ തീര്‍ന്നപ്പോള്‍ ഒറ്റ നടത്തമായിരുന്നു. ആരോടും വഴി ചോദിക്കാതെ റെയില്‍ വഴി നേരെ വെങ്ങര എത്തി പോലും.

കുംഭമാസമായാല്‍ പൂമാലക്കാവില്‍ കളിയാട്ടം തുടങ്ങും. അതുവരെ സ്വരൂപിച്ചു വെച്ച നാണയത്തുട്ടുകള്‍ വള്ളി നിക്കറിന്റെ പോക്കറ്റിലിട്ട്‌ തെയ്യപ്പറമ്പിലേക്കോടും. പഴയങ്ങാടിയില്‍ നിന്നും പാലൈസുമായി ചെട്ട്യാര്‍ നേരത്തെ എത്തിയിരിക്കും. അത്തവണ ഞാന്‍ ഒറ്റയ്ക്കായിരുന്നു.

കളികള്‍ക്കിടയിലുണ്ടായ അടിപിടി മൂലം പ്രദീപിനോട്‌ പിണക്കാമായിരുന്നു. മറ്റൊരുത്തന്‍ ഹരി ഉത്സവക്കാലങ്ങളില്‍ വല്ലാത്ത തിരക്കായിരിക്കും. കടല വറുത്ത്‌ അമൂലിന്റെ ടിന്നിലിട്ട്‌, കടല.....കടലേ.....എന്ന്‌ പറഞ്ഞ്‌ അവിടെയാകെ നടക്കുകയാവും.
പിന്നെയുള്ള ഉമേശന്‍, അവന്റെ അച്ചന്‍ കാവുകളിലെ "കലശക്കാരന്‍" ആണ്‌. തെയ്യങ്ങളുടെ ചില കര്‍മ്മങ്ങളൊക്കെ ചെയ്യേണ്ടത്‌ അദ്ദേഹമായിരുന്നു. അതിനാല്‍ തന്നെ അവന്‍ അച്ചന്റെ സഹായിയായി നില്‍ക്കുകയാവും.

അങ്ങിനെ അപ്രാവശ്യം ഞാന്‍ തെയ്യപ്പറമ്പില്‍ ഞാന്‍ ഏകനായി.

വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാടായിരുന്നു അപ്പോള്‍. എനിക്കാകെ പേടിയായി. തെയ്യം എന്റെ അരികില്‍ വന്ന്‌ അട്ടഹസിച്ചു. മൊട്ടക്കണ്ണുകളുയര്‍ത്തി "പൈതങ്ങളേ......" എന്ന് വിളിച്ചപ്പോള്‍ ഞാന്‍ കണ്ണുകളിറുക്കെ അടച്ചു. എങ്ങിനെയെങ്കിലും വീട്ടിലെത്തണമെന്നായി എന്റെ ചിന്ത. തെയ്യം പുറം തിരിഞ്ഞപ്പോള്‍ ഞാനവിടെനിന്നും ഇറങ്ങിയോടി...

നേരം സന്ധ്യ മയങ്ങിയിരുന്നു. വയലുകള്‍ക്കു നടുവിലെ വരമ്പുകളിലൂടെ ഞാന്‍ കിതച്ചോടുമ്പോള്‍ പിന്നില്‍ ചിലങ്കകളുടെ ശബ്ദം കേട്ടു..!!

എന്റമ്മേ.....ദേ വിഷ്ണുമൂര്‍ത്തിയും എന്റെ പിന്നാലെ ഓടി വരുന്നു...ഞാനുച്ചത്തില്‍ അലറിക്കരഞ്ഞു. മുന്നില്‍ മല പോലെ റെയിലാണ്‌... ഓടിക്കയറുമ്പോള്‍ ഞാന്‍ റെയിലിനു മുകളില്‍ തെറിച്ചുവീണു.
തിരിഞ്ഞുനോക്കിയപ്പോള്‍ തെയ്യം അട്ടഹസിച്ചുകൊണ്ട്‌ എന്റെ നേരെ പാഞ്ഞടുക്കുകയാണ്‌..!!!

കഴുത്ത്‌ കടിച്ച്‌ ചോര ഊറ്റിക്കുടിക്കും....രക്ഷയില്ലാ....!!

കൈയ്യില്‍ തടഞ്ഞത്‌ ട്രക്കിലെ വലിയ കല്ലുകളാണ്‌.
ചിന്തിക്കാന്‍ സമയമില്ല. തെയ്യത്തിനു നേരെ ഞാന്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. ഞാനൊരു നല്ല ഉന്നാകാരനായിരുന്നില്ല. ആദ്യത്തേത്‌ തെയ്യം പരിച കൊണ്ട്‌ തടുത്തു.. ഞാന്‍ തുരുതുരാ എറിഞ്ഞു...
"ഹോയ്‌......" എന്ന അലറല്‍ മാത്രമെ കേട്ടുള്ളൂ.....
ഞാന്‍ ജീവനും കൊണ്ട്‌ പാഞ്ഞു.

വീട്ടിലെത്തി കരഞ്ഞു പറഞ്ഞപ്പോള്‍, തെയ്യം പുഴക്കരയിലുള്ള ഇലഞ്ഞിത്തറയിലേക്ക്‌ പോകുന്നതാകാമെന്ന്‌ അമ്മ പറഞ്ഞു. അവിടെ നാഗത്തറയിലെ മാല എടുക്കാനുള്ള വരവാണ്‌ പോലും...

തെയ്യത്തിനെ കല്ലെറിഞ്ഞ കാര്യം ഞാന്‍ മിണ്ടിയതേയില്ല.
എങ്കിലും വിഷ്ണുമൂര്‍ത്തി എന്നെ വെറുതെ വിടില്ല എന്നു ഞാന്‍ ഭയപ്പെട്ടു.
പണ്ട്‌ രാത്രി അതുവഴി പോയ മുട്ടത്തെ മാപ്പിളയെ പുഴയില്‍ മുക്കി കൊന്ന പോലെ.....
അല്ലെങ്കില്‍ ഗര്‍ഭിണിയായിരുന്ന യശോദേച്ചിയെ ചവിട്ടിക്കൊന്ന പോലെ....

പേടിച്ച്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കിടക്കുമ്പോഴാണ്‌ പുറത്ത്‌ ചിലങ്കകളുടെ ശബ്ദം കേട്ടത്‌. അത്‌ വീടിനടുത്തേക്ക്‌ വരികയാണ്‌..!! പേടിച്ചു വിറച്ചു കൊണ്ട്‌ തെയ്യത്തിനെ കല്ലെറിഞ്ഞ കാര്യം പറഞ്ഞു. എന്നെ പിടിക്കാന്‍ വന്നതു തന്നെ. അമ്മയും വല്ലാതെയായി.
പിന്നെ കോളിങ്ങ്‌ ബെല്ലടിക്കുന്ന ശബ്ദമായിരുന്നു.

അമ്മ പേടിയോടെ ചോദിച്ചു, "ആ..രാ..ത്‌...."

"ഞാനാ....വിഷ്ണുമൂര്‍ത്തി...." മറുപടി പെട്ടന്നായിരുന്നു.
കോളിങ്‌ ബെല്ലടിക്കുന്ന വിഷ്ണുമൂര്‍ത്തിയോ....?

അമ്മ വാതിലിനടുത്തു നിന്ന്‌ കരഞ്ഞു പറഞ്ഞു.

"എന്റെ മോന്‌ അറിയാതെ പറ്റിയ തെറ്റാണ്‌....ന്റെ കാവിലമ്മ പൊറുക്കണം.."

"ചേച്ചീ....." തെയ്യം ദയനീയമായി വിളിക്കുകയാണ്‌.
"ഞാന്‍ രാമന്‍ പണിക്കരാണ്‌..നിങ്ങളൊന്ന്‌ വാതില്‍ തൊറക്ക്‌...."

അമ്മ മെല്ലെ വാതില്‍ തുറന്നു. പുറത്ത്‌ കോലായില്‍ വിഷ്ണുമൂര്‍ത്തി കരഞ്ഞിരിക്കുന്നു.
വാതിലിനു പിന്നില്‍ മറഞ്ഞിരുന്ന എന്നെ ചൂണ്ടി പറഞ്ഞു

"ദേ... ഇവനെന്നെ കല്ലെറിഞ്ഞപ്പോ അടിയന്റെ വാള്‌ അവിടെ വീണു പോയി...
കുനിഞ്ഞെടുക്കാന്‍ പറ്റണില്ലാ.... ഒന്നെടുത്ത്‌ താ..."

അമ്മ അറിയാതെ ചിരിച്ചുപോയി.
വാളില്ലാതെ കാവിലേക്ക്‌ തിരിച്ചു പോകാനാവില്ലല്ലോ.

തെയ്യത്തിനെ വല്ലാതെ പേടിച്ചിരുന്ന ഞാന്‍ അന്ന്‌ ആ ഇരുട്ടില്‍ തെയ്യത്തിന്റെ കൈയ്യും പിടിച്ച്‌ വാള്‍ തിരഞ്ഞ്‌ നടന്നു. ഒടുവില്‍ ആയുധം കിട്ടിയ പാടെ രാമേട്ടന്‍ വീണ്ടും വിഷ്ണുമൂര്‍ത്തിയായി.
കാവിലേക്ക്‌ പാഞ്ഞുപോകുന്നതിനിടയില്‍ പറഞ്ഞു.

"എടാ...ആരോടും പറയല്ലേ........"


2010, ജൂൺ 1, ചൊവ്വാഴ്ച

നെരിപ്പോട്‌

ഒരു അവധിക്കാലത്താണ്‌ കൂട്ടുകാരൊക്കെ രാമൂട്ടി എന്നു വിളിക്കുന്ന കുമാരനുമായി വല്ലാത്ത അടുപ്പത്തിലായത്‌. സ്ക്കൂളില്‍ നിന്ന്‌ വരുന്ന വഴിയായിരുന്നു അവന്റെ വീട്‌. ചെമ്പക മരങ്ങള്‍ അതിരുകള്‍ വിരിച്ച ഒരു വലിയ പറമ്പിന്റെ മദ്ധ്യത്തിലുള്ള ഒരു പൊളിഞ്ഞു വീഴാറായ ഒരു വീട്‌.

അവന്റെ അമ്മ ഒരു സ്വപ്ന ജീവിയായിരുന്നു. അച്ചനെ കണ്ട ഓർമ്മ പോലുമില്ലാത്ത അവന്‌ പിന്നെയുള്ളത്‌ അമ്മൂമ്മയായിരുന്നു. ആ അമ്മൂമ്മ പറയുന്ന കഥകള്‍ കേള്‍ക്കാനാണ്‌ ഞാനവിടേക്ക്‌ പോയിരുന്നത്‌.
എന്തെല്ലാം കഥകളായിരുന്നു അവര്‍ പറഞ്ഞു തന്നത്‌. തൊപ്പി വില്‍പ്പനക്കാരന്റെ പാട്ടുകളൊക്കെ പാടി രസിപ്പിക്കുമായിരുന്നു.

"പണ്ടൊരുനാൾ തൊപ്പി വിൽക്കും...കച്ചവടക്കാരൻ...."
നല്ല ഈണത്തിൽ പാടി തുടങ്ങി എത്രയെത്ര കഥകൾ...!!!

അങ്ങിനെ എന്റെ പകലുകളെല്ലാം അവിടെയായി. അയല്‍പക്കത്തുള്ള സതീശനും, വസുമതിയും, ഹരീന്ദ്രനുമൊക്കെ ചേര്‍ന്നതോടെ അത്‌ വിപുലമായി.
അങ്ങിനെ അവിടുത്തെ ചെമ്പക മരചോട്ടില്‍ ഞങ്ങളൊരു പന്തലുണ്ടാക്കി.

ഓരോ ദിവസവും ഓരോ തരം കളികളായിരുന്നു.

സതീശൻ കച്ചവടക്കാരനാകും. ഞങ്ങളെല്ലാം സാധനങ്ങള്‍ വാങ്ങും. അവന്‍ ചിരട്ട കൊണ്ട്‌ ത്രാസുണ്ടാക്കി മണ്ണിന്റെ പഞ്ചസാരയൊക്കെ കൃത്യമായി തൂക്കി വില്‍ക്കും....
ചിലപ്പോള്‍ തെയ്യം കെട്ടും....

അങ്ങിനെ കളികളില്‍ വൈവിധ്യങ്ങള്‍ തേടുന്നതിനിടയിലാണ്‌ കല്ല്യാണക്കളി എന്ന ആശയം ഞാന്‍ മുന്നോട്ട്‌ വെച്ചത്‌.
പടിഞ്ഞാറേ വീട്ടിലെ ചന്തുവേട്ടന്റെ വീട്ടിലെ കല്ല്യാണം കഴിഞ്ഞ ദിവസമായിരുന്നു അന്ന്‌.

അങ്ങിനെ കല്ല്യാണ പന്തല്‍ തയ്യാറായി. ഞാനും വസുമതിയും വധൂ വരന്മാരായി. ചെമ്പകപ്പൂവുകള്‍ കോര്‍ത്ത് മാലയുണ്ടാക്കി പരസ്പരം ചാര്‍ത്തി.

സിമന്റ്‌ ചാക്കില്‍ കഞ്ഞിപ്പശ തേച്ച്‌ മണ്‍ ചട്ടിയുടെ കഴുത്തിലൊട്ടിച്ച്‌, വെയിലില്‍ ഉണക്കിയെടുത്ത ചെണ്ട കൊണ്ട്‌ കുമാരന്‍ വാദ്യം പിടിച്ചു.

ഹരീന്ദ്രന്‍ ഓലപ്പീപ്പി വിളിച്ചു.

പച്ചിലകളൂം, മണ്ണും കൊണ്ട്‌ സദ്യ ഒരുക്കി.
അവസാനം ഞങ്ങളെ ഓലപ്പന്തലിനുള്ളിലാക്കി വാതിലടച്ചു.
വസുമതി നാണത്തോടെ മുഖം കുനിച്ചിരുന്നു.
അപ്പോൾ കുമാരനാണ്‌ പറഞ്ഞത്‌, കല്ല്യാണം കഴിഞ്ഞാല്‍ കെട്ടി പിടിച്ച്‌ കിടക്കണമെന്ന്‌.സിനിമകളിലൊക്കെ അങ്ങിനെയാണ്‌. അതിനാൽ കുറച്ചുനേരം ഞങ്ങള്‍ കെട്ടിപിടിച്ച്‌ കിടന്നു.

പിറ്റേന്ന്‌ ഹരീന്ദ്രനാണ്‌ പറഞ്ഞത്‌ പ്രശ്നമാകുമെന്ന്‌. കെട്ടി പിടിച്ച്‌ കിടന്നാല്‍ ചിലപ്പോള്‍ കുട്ടികളുണ്ടാകും. ഉച്ചൂളിക്കുന്നിനടുത്തുള്ള ആറോന്‍ സായ്‌വിന്റെ കെട്ടിടത്തിനുള്ളില്‍ ദാമോദരേട്ടനും, ശാന്തേച്ചിയും കെട്ടിപിടിച്ച്‌ കിടക്കുന്നത്‌ അവന്‍ പല തവണ കണ്ടിട്ടുണ്ടു പോലും. അതിനു ശേഷമാണത്രേ ശാന്തേച്ചി പ്രസവിച്ചത്‌!!!

ആകെ പ്രശ്നമായി.
വസുമതി അത്‌ കേട്ടപാടെ കരച്ചിലായി. ഞാനും വല്ലാതെ ഭയപ്പെട്ടു. എന്തു ചെയ്യാം.....

ഹരീന്ദ്രന്റെ തല പേട്‌ തേങ്ങ പോലെയാണെങ്കിലും അതില്‍ നിറയെ ബുദ്ധിയായിരുന്നു. അവന്‍ പറഞ്ഞു,
"ഒരു വഴിയുണ്ട്‌...നമുക്ക്‌ പൂജ ചെയ്യാം...."
ശാന്തേച്ചിയുടെ വീട്ടില്‍ ഇടക്കിടെ ഗോപി പണിക്കര്‍ വന്ന്‌ എന്തൊക്കെയോ പൂജകള്‍ ചെയ്യാറുണ്ട്‌. കുട്ടികള്‍ ഉണ്ടാവാതിരിക്കാനണെന്ന്‌ പെണ്ണുങ്ങളൊക്കെ അടക്കം പറയാറുള്ളത്‌ ഹരീന്ദ്രന്‍ സൂചിപ്പിച്ചു.

അങ്ങിനെയാണ്‌ ഉമേശന്‍ ഈ കഥയിലേക്ക്‌ കടന്നു വരുന്നത്‌. അവന്റെ അച്ചന്‍ നാട്ടിലെ തെയ്യങ്ങളുടെ പരികര്‍മ്മിയാണ്‌. അച്ചനെ പോലെ വലിയ പൂജാരി ആകണമെന്ന്‌ മാത്രമായിരുന്നു അവന്റെ ആഗ്രഹം. അതിനാല്‍ തന്നെ കേട്ടപാടെ അവന്‍ സമ്മതിച്ചു.

ഒടുവില്‍ കുഞ്ഞുണ്ടാവാതിരിക്കാനുള്ള പൂജ ആരംഭിച്ചു.
പുഴക്കരയിൽ നിന്ന് പറിച്ചെടുത്ത കാട്ട് ചെക്കിപ്പൂക്കളും, തുളസിയും അവന്റെ പക്കലുണ്ടായിരുന്നു.

പൂജ തുടങ്ങുന്നതിന്‌ മുന്നെ
അവന്റെ അച്ചന്‍ കുടിക്കുന്ന നാടന്‍ ചാരായത്തിന്റെ കുപ്പി അവന്‍ ഇടക്കിടെ മണപ്പിക്കുന്നുണ്ടായിരുന്നു. അതെന്തിനാണെന്ന്‌ ചോദിച്ചപ്പോള്‍ അവന്‍ കണ്ണുരുട്ടി മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു.

വസുമതിയെ മുന്നിലിരുത്തി അവന്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി.
"കാട്ടിലും, മേട്ടിലും...കയ്യാലപ്പുറത്തും...
കുണ്ടിലും, ഇടവഴിയിലും ഓടിക്കളിക്കും പൈതങ്ങളേ...."
എന്നൊക്കെ പറഞ്ഞ്‌ പൂവുകള്‍ വസുമതിയുടെ മേലെ വാരിയെറിഞ്ഞു.

വസുമതി പേടിച്ച് കണ്ണടച്ചിരുന്നു.
അഞ്ച്‌ മിനിട്ട്‌ നേരം മിണ്ടാതിരിക്കാന്‍ ആംഗ്യം കാട്ടി അവന്‍ തിരിഞ്ഞു നോക്കാതെ ഓടിപ്പോയി.

എങ്കിലേ മന്ത്രം ഫലിക്കൂ...

എന്റെ കൈയ്യിലുണ്ടായിരുന്ന അമ്പിളിമാമന്റെ കഥാപുസ്തകങ്ങളും, തീപ്പെട്ടി ചിത്രങ്ങളുടെ ആല്‍ബവും അവന്‍ അതിന്‌ പ്രതിഫലം വാങ്ങി. എന്തു കൊടുക്കാനും ഞാന്‍ തയ്യാറുമായിരുന്നു.

പക്ഷേ പിന്നീട്‌ വസുമതി ഞങ്ങളുടെ കൂടെ കളിക്കാന്‍ വന്നതേയില്ല.

കാലം ഒരു പുഴ പോലെ ഒഴുകി കൊണ്ടിരുന്നു.
കുമാരന്റെ അമ്മൂമ്മ പാടി പാടി മരിച്ചു.
അവന്റെ അമ്മയ്ക്ക്‌ മുഴുഭ്രാന്തായി..
വസുമതിയൊക്കെ എങ്ങോട്ടോ പോയി.കഥ ഇവിടെ തീരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒരു ഉത്സവപ്പറമ്പില്‍ വെച്ച്‌ ഹരീന്ദ്രന്‍ തന്നെയാണ്‌ എനിക്ക്‌ വസുമതിയെ കാട്ടിതന്നത്‌. അവളിപ്പോള്‍ തടിച്ച്‌ ഒരു വലിയ സ്ത്രീയായിരിക്കുന്നു.
പരിചയം പുതുക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

"...കുട്ടികള്‍......?"

"ഇതു വരെ......" സങ്കടച്ചുവയോടെ അവള്‍ പാതിയില്‍ നിര്‍ത്തിയപ്പോള്‍ എന്റെ ഉള്ളിലെവിടെയോ, എന്തോ കൊളുത്തി വലിച്ചു...!!!

അമ്പലത്തിൽ ചെണ്ടമേളം തുടങ്ങിയിരിക്കുന്നു...
ചിലങ്കമേളങ്ങൾ അസുരതാളങ്ങൾക്ക് മേലെ ഉയരുന്നതിനിടയിലും വസുമതിയുടെ നിശ്വാസങ്ങൾ എന്നെ വിലയം ചെയ്തു.

കാറ്റിൽ അടർന്നുവീണ ചെമ്പകപ്പൂവുകളിൽ മകരമഞ്ഞ് അവളുടെ കണ്ണീര്‌പോലെ വറ്റാതെ കിടന്നു

ഇപ്പോഴും എന്റെ മനസ്സിലെ മായാത്ത നെരിപ്പോടാണ്‌ വസുമതി എന്ന കളിക്കൂട്ടുകാരി.