അന്തിക്കള്ള് മോന്തി കുടിക്കുന്നതിനിടയില്‍ സഖാവ് പരമുവേട്ടന്റെ തലയില്‍ നുരഞ്ഞു പൊന്തിയ ആശയമായിരുന്നു, നമ്മുടെ നാട്ടിലും കളിയാട്ടം നടത്തണമെന്ന്.
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് ഇടക്കിടെ പറയുന്ന പരമുവേട്ടന്റെ വാക്കിന് മറുവാക്കില്ലായിരുന്നു. അതാണ് ബുള്‍ഗാന്‍ പരമുവേട്ടന്‍.
പുഴയോരത്ത് കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രത്തില്‍ അങ്ങിനെ കളിയാട്ടം നടത്താന്‍ തീരുമാനമായത് എല്ലാവരേയും സന്തോഷിപ്പിച്ചു. ആകെ ഒന്ന് കൂത്താടാം എന്ന ചിന്തയായിരുന്നു
ഗ്രാമപാലകരായ ഗോപാലനും, കുമാരനും.
അല്പമെങ്കിലും സങ്കടമുണ്ടായത് കാളപപ്പന് മാത്രമായിരുന്നു. കാരണം തന്റെ നാടന്‍ ചാരായ വിതരണകേന്ദ്രത്തിന്റെ റീട്ടെയില്‍ ഷോപ്പാണ് അടച്ചുപൂട്ടപ്പെടാന്‍ പോകുന്നത്. അധികമാരും കടന്നു വരാത്ത ഒരു സുരക്ഷിത മേഖലയായിരുന്നു അവിടം. എന്തായാലും നാടോടുമ്പോള്‍ എതിരെ ഓടുന്നത് തന്റെ ബിസ്സിനസ്സിന് നല്ലതല്ലെന്ന ചിന്തയില്‍ താന്‍ തല്ക്കാലം പുഴക്കരയിലുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്ക് മാറുന്നതായി എല്ലാ കുടിയന്മാരോടും വിളംബരം ചെയ്തു.
വെങ്ങരയിലെ സീനിയര്‍ സിറ്റിസണായ മൊടോന്‍ കാഞ്ഞനു പോലും പണ്ടെപ്പൊഴോ കളിയാട്ടം നടന്നതിന്റെ നേരിയ ഓര്‍മ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും കണിയാന്‍ കൃഷ്ണേട്ടന്‍ കവടി നിരത്തിയപ്പോള്‍ ചിലതെല്ലാം തെളിഞ്ഞു വന്നു. തെയ്യക്കോലങ്ങളുടെ പട്ടിക പൂര്‍ത്തിയായപ്പോള്‍ മുഖ്യ കോലം കെട്ടാനുള്ള അവകാശം കിഴക്കേ ഊരിലുള്ള ചന്തുപ്പണിക്കര്‍ക്കു വന്നു ചേര്‍ന്നു.
തലേന്ന് ചാരായസേവക്കിടയില്‍ രണ്ടു പേരും നടത്തിയ ചില കഥകളി നാട്യങ്ങളുടെ പരിണിതഫലമാണിതെന്ന് കാളപപ്പന്‍ ചൂണ്ടി കാട്ടിയെങ്കിലും അതാരും മുഖവിലക്കെടുത്തില്ല.
തനിക്കും ഒരു മാറ്റമായാലോ എന്ന ചിന്ത ചന്തുപ്പണിക്കരുടെ മകന്‍ പ്രകാശനിലും ഉണ്ടായത് അങ്ങിനെയാണ്. ഇതുവരെ ഒരു തെയ്യക്കോലവും കെട്ടാന്‍ പറ്റാത്തതു പറഞ്ഞാണ് ഇന്നലെ വരെ ശകുന്തള തന്നെ കളിയാക്കിയത്. പശുവിന് പുല്ലു പറിച്ചു വരുന്ന വഴി മുക്കുറ്റി തോടിനടുത്തുവെച്ച് എത്ര തവണ ഹൃദയം തുറന്നു കാട്ടിയതാണ്. മുങ്ങാം കുഴിയിട്ട് തോടിന് നടുവിലെ ചുകന്ന പൂത്താലി പറിച്ചു കൊടുത്തപ്പോഴും അവള്‍ പറഞ്ഞിരുന്നു.,
"തന്നെ വേറെ എന്തിനു കൊള്ളാം....."
ശരിയായിരുന്നു എന്നും തെയ്യപ്പറമ്പില്‍ പിണിയാളായി നില്‍ക്കാന്‍ മാത്രമെ തനിക്ക് യോഗമുണ്ടായിരുന്നുള്ളൂ.
അന്ന് വൈകുന്നേരം പരമുവേട്ടനോട് കള്ളുഷാപ്പില്‍ വെച്ച് കാര്യമവതരിച്ചപ്പോള്‍ എല്ലാവരും ഒറ്റകെട്ടായി ആര്‍ത്തുചിരിച്ചു. പക്ഷേ സര്‍ഗവാസനകള്‍ പൊട്ടിമുളക്കുന്നത് കള്ള്‌ഷാപ്പില്‍ വെച്ചാണെന്ന തത്വം ചൂണ്ടിക്കാട്ടി പരമുവേട്ടന്‍ അവനെ പിന്താങ്ങി.
"തന്റെ അപ്പന്‍ സമ്മതിച്ചാല്‍ ഞങ്ങക്കും സമ്മതം.."
കറുത്ത് നീണ്ടു മെലിഞ്ഞ പ്രകാശന്റെ കരുവാളിച്ച മുഖം അന്നാദ്യമായി പ്രകാശിച്ചു.
നിസ്സഹായവസ്ഥയില്‍ ദൈവം ഉടലെടുക്കുമെന്ന് ബുള്‍ഗാന്‍ പരമുവേട്ടന്‍ പറഞ്ഞത് വിശ്വസിച്ചു കൊണ്ട് അവന്‍ തന്റെ അപ്പനോട് കാര്യമവതരിപ്പിച്ചു. അതിന് മറുപടിയായി വന്ന അപ്പന്റെ ചിരിയില്‍ ഒരു പുച്ചനാല്‍റ്റിയുണ്ടായിരുന്നു.
നാലാം ക്ലാസില്‍ നാലു തവണ തോറ്റ് തൊപ്പിയിട്ട്, അദ്ധ്യാപകരെക്കാളും തലമുതിര്‍ന്നതിനാല്‍ "എച്ച്.എം." എന്ന വിളിപ്പേരുണ്ടായപ്പോഴും പണ്ടേ അവന്‍ പറയാറുണ്ടായിരുന്നു,
"അപ്പാ...ഞാനൊരു ഡോക്കിട്ടരാവും..."
അല്ലെങ്കിലും ബോബനും മോളിയിലെ ഹിപ്പിച്ചായന്റെ ഫോട്ടോസ്റ്റാറ്റില്‍ ഒരു തെയ്യക്കോലത്തിന്റെ ഇമേജ് പേസ്റ്റ് ചെയ്യാന്‍ അവന്റെ അപ്പന് ഒരിക്കലും സാധിക്കുമായിരുന്നില്ല.
പക്ഷേ പ്രകാശന്‍ ഉറച്ചു തന്നെയായിരുന്നു.
മുക്കുറ്റി തോടിലെ ചുകന്ന പൂത്താലി കൊണ്ട് മാലയുണ്ടാക്കി ശകുന്തളയുടെ കഴുത്തില്‍ ചാര്‍ത്തണമെന്ന മോഹം അവനെ ഭ്രാന്തനാക്കി മാറ്റി.
അടുക്കളയിലെ മണ്‍ച്ചട്ടികളും, കലങ്ങളും അടിച്ചു പൊട്ടിച്ചു.
അപ്പന്‍ അനങ്ങുന്നേയില്ല.
കുട്ടിക്കാലത്ത് തന്നെ ഓണത്തപ്പന്‍ കെട്ടിച്ച് കാശുണ്ടാക്കി അപ്പനെത്ര കള്ള് കുടിച്ചതാണ്.
പിന്നിലെ ചായ്പ്പില്‍ അപ്പന്‍ സൂക്ഷിച്ചിരുന്ന നാടന്‍ ചാരായം കട്ടുകുടിച്ച് ഒരു പാട് ചീത്ത വിളിച്ചു.
പടിഞ്ഞാറെ ആയിഷുമ്മയുടെ വീട്ടില്‍ കോഴിത്തലയില്‍ കൂടോത്രം വെച്ചത് നാട്ടില്‍ പാട്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി.
ദേഹം നിറയെ രോമമുള്ള അപ്പനെ "ചൊപ്പന്‍" എന്നു വിളിച്ചു.
പക്ഷേ ചന്തുപ്പണിക്കര്‍ കുലുങ്ങിയതേയില്ല.
ശകുന്തളയോടുള്ള പ്രേമത്തില്‍ ചുട്ടു പൊള്ളുകയായിരുന്ന അവനോടുവില്‍ അവസാനത്തെ ആയ്യുധമെടുത്തു.
...പാശായുധം..!!!
പശുവിന്റെ കഴുത്തിലെ കയറഴിച്ച് മുറ്റത്തെ മാവില്‍ കെട്ടിതൂങ്ങി ചാകുമെന്ന ഭീഷണിയില്‍ ഒടുവില്‍ ചന്തുപ്പണിക്കര്‍ വീണുപോയി.
ചന്തുപ്പണിക്കര്‍ ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്ത പഴയ അടവുകളൊന്നും പ്രകാശന് ആദ്യം വഴങ്ങിയതേയില്ല.
ജോണീവാക്കറില്‍ മമ്മൂട്ടി നൃത്തം ചെയ്തത് ഇതിനേക്കാള്‍ മനോഹരമായിരുന്നുവെന്ന് പറഞ്ഞ് കളിയാക്കിയത് ശകുന്തള തന്നെയായിരുന്നു. അവന്റെ പരിശീലന കളരിയിലേക്ക് അവളെന്നും ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു പോലും. എന്തായാലും അവളുടെ ആ അദൃശ്യ സാന്നിദ്ധ്യം അവനെ വല്ലാതെ ഉത്തേജിപ്പിച്ചു.
കാണാമറയത്ത് നിന്നുള്ള ആ കരിമിഴികളുടെ നോട്ടവും, കുപ്പിവള കിലുക്കങ്ങളും അവനെ ഒരു സരോജ് കുമാറാക്കി മാറ്റി.
പാര്‍ട്ടിക്കാരുടെ റൂട്ട് മാര്‍ച്ചില്‍ പരമുവേട്ടന്റെ "ഓലക്കാല്‍....ശീലക്കാല്‍...." തിയറിയില്‍ പോലും അമ്പേ പരാജയപ്പെട്ടിരുന്ന അവനെ ആ നാരീസ്മരണ വല്ലാതെ മാറ്റി മറിച്ചു.
കളിയാട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതിയായി നടന്നു കൊണ്ടിരുന്നു. ക്ഷേത്രത്തിന്റെ പിന്നിലെ ചുമരുകളില്‍ കമ്മ്യൂണിസ്റ്റ് പച്ച കൊണ്ട് എഴുതിയ കുടിയന്മാരുടെ പറ്റുകണക്കുകളൊക്കെ കുമ്മായം പൂശി മായ്ച്ചു കളഞ്ഞത് കാള പപ്പന്റെ കണക്കുകളെ തെറ്റിച്ചുവെങ്കിലും, ഗോപാലനും, കുമാരനും ഉള്ളില്‍ ചിരിച്ചു.
നാട്ടുകൂട്ടങ്ങളിലെ ചര്‍ച്ചകളൊക്കെ പ്രകാശന്റെ അരങ്ങേറ്റത്തെ കുറിച്ചു മാത്രമായി. വൈകുന്നേരത്തെ കള്ളുഷാപ്പിലെ സാംസ്കാരിക ചര്‍ച്ചകളില്‍ പോലും അവനിടം നേടിയത് കുമാരനെ തെല്ലു ചൊടിപ്പിച്ചു.
കാരണം ശകുന്തള അവന്റേയും ഉറക്കം കെടുത്തിയിരുന്നു.
ഒരു ലൈനൊക്കെ വലിച്ചു നോക്കിയതാണ്. പക്ഷേ അവള്‍ ചാര്‍ജ്ജ് ചെയ്തതേയില്ല.
വണ്‍വേ ഒരു ഹൈവേ തന്നെ ആക്കി തരാമെന്ന് ഗോപാലനും ഏറ്റതാണ്. അതിനിടയിലാണ് പ്രകാശന്‍ ചാടിക്കേറിയത്.
പ്രേമത്തിന് കണ്ണും, കാതും മാത്രമല്ല മണവും കൂടിയില്ല എന്നവന്‍ തെളിയിച്ചില്ലേ....
അങ്ങിനെ കളിയാട്ട ദിവസം വന്നെത്തി.
കാള പപ്പന് തിരക്കോടു തിരക്കായിരുന്നു. ഏഴിമലയില്‍ നിന്നും കശുമാങ്ങയിട്ട് വാറ്റിയ നല്ല ചൂടന്‍ റാക്ക് കുറെ സ്റ്റോക്ക് ചെയ്തിരുന്നു. ഒരു തുള്ളി വെള്ളം കിട്ടാതെ ആരും വലയരുതെന്ന ചിന്തയായിരുന്നു അയാള്‍ക്ക്.
അതിനാല്‍ തന്നെ വൈകുന്നേരമാത്രമായിരുന്ന വില്പന ഇരുപത്തിനാലു മണിക്കൂറാക്കീ വിപുലീകരിച്ചു.
ഗോപാലനും, കുമാരനും അവിടെ തന്നെ സ്റ്റേ ചെയ്ത് പരിധി വിട്ട് കുടിച്ചു കൊണ്ട് തങ്ങളുടെ പ്രോത്സാഹനമറിയിച്ചു.
വൈകുന്നേരമായതോടെ ക്ഷേത്രപരിസരം ജനസാഗരമായി.
കൊയ്തൊഴിഞ്ഞ വയലുകളെല്ലാം ഉത്സവ ചന്തകള്‍ നിറഞ്ഞു. കുപ്പിവളക്കാരന്‍ പെണ്ണുങ്ങളെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു. ചാന്തു കച്ചവടക്കാരനും, ബലൂണ്‍ കാരനുമൊക്കെ തങ്ങളുടെ സൌഹൃദങ്ങള്‍ പുതുക്കി.
"ഗൂള്‍ ഡ്രിങ്ക്‌സ്......ഗൂ..ള്‍....ഡ്രിങ്ക്‌സ്........"
എന്ന കിളി ശ്ബ്ദത്തിലുള്ള കച്ചവടക്കാരന്റെ മുന്നിലെ വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുപ്പി ഗ്ലസ്സുകളിലെ സാക്രിന്‍ വെള്ളത്തിലേക്ക് പിള്ളേരൊക്കെ ആര്‍ത്തിയോടെ നോക്കി നിന്നു.
മരത്തിന് മുകളില്‍ കെട്ടിയ കോളമ്പികളിലൂടെ പരമുവേട്ടന്റെ ടണ്‍ കണക്കിന് ബാസിലുള്ള "ഹെലോ...ഹലോ...." വിളികള്‍ ഇടി നാദം പോലെ മുഴങ്ങി.
കുഞ്ഞിമംഗലത്ത് നിന്ന് വേലന്മാരും, മാടായില്‍ നിന്ന് പണിക്കാന്മാരുമൊക്കെ വന്നണഞ്ഞതോടെ പ്രകാശന് ആകെ അങ്കലാപ്പായി. പുലര്‍ച്ചെയാണ് തെയ്യമെങ്കിലും ഒരു അകാരണമായ പേടി അവനെ പിടികൂടി. വരുന്നവരൊക്കെ ഓലപ്പന്തലിന്നുള്ളിലേക്ക് വന്ന് തന്നെ തന്നെ നോക്കുകയാണ്.
ഒന്നും വേണ്ടായിരുന്നു എന്നവന് തോന്നാതിരുന്നില്ല.
ഇത് തന്റെ ആഗ്രഹമല്ല, ദുരാഗ്രഹം തന്നെയായിരുന്നു.
ശകുന്തളയുടെ ഒടുക്കത്തെ മോഹത്തെ അവന്‍ മനസാ ശപിച്ചു.
അപ്പനും കൂട്ടരുമൊക്കെ കുരുത്തോലയും, കാട്ടുചെക്കിയും കൊണ്ട് അലങ്കാരങ്ങളൊരുക്കുകയാണ്. വേലന്മാരുടെ കുറത്തിയുടെ പുറപ്പാടിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി. കേളിക്കൊട്ടുയര്‍ത്തി ചെണ്ടയുടെ അസുരതാളങ്ങള്‍ ഉയരുന്നതിനിടയിലാണ് പുറത്ത് ഗോപാലന്റേയും, കുമാരന്റേയും പൂരപ്പാട്ട് കേട്ടത്.മുച്ചീട്ട് കളിക്കാരനുമായുണ്ടായ അടിപിടിയായിരുന്നു. കുമാരനോക്കെ കുടിച്ച് കുടിച്ച് കണ്ണിലെ പൊട്ട് തന്നെ മറഞ്ഞിരുന്നു.
രണ്ടെണ്ണം അകത്താക്കിയാലോ എന്ന മോഹം അപ്പോഴാണ് പ്രകാശനില്‍ പൊട്ടി മുളച്ചത്. ഓലക്കീറിനുള്ളിലൂടെ കുമാരനോട് കാര്യം അവതരിപ്പിച്ചു.
തറയില്‍ കാലുറപ്പിച്ച് നിര്‍ത്താനുള്ള തത്രപ്പാടിനിടയിലും പ്രകാശന്റെ ആവശ്യം കുമാരനെ കര്‍മ്മോത്സുകനാക്കി.
ഒരു ശിഷ്യനെ കിട്ടിയ സന്തോഷമായിരുന്നു ഗോപാലനും.
കള്ള് വേറെ, തെയ്യം വേറേ....
അരയില്‍ തപ്പി നോക്കിയപ്പോള്‍ സ്റ്റോക്ക് കാണാനില്ല.
അടിപിടിക്കിടയില്‍ ട്രൊസറിനുള്ളിലൂടെ അത് ഊര്‍ന്നൂപോയിരുന്നു. പക്ഷേ കുടിയന്മാരുടെ സ്നേഹം വളരെ വളരെ വലുതാണ്.ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കണമെന്ന പരമുവേട്ടന്റെ സോഷ്യലിസം പ്രാവര്‍ത്തികമാക്കാനുള്ള സന്ദര്‍ഭമാണിത്.
പുഴയിലെ വെള്ളം പരമാവധി ഉപയോഗിച്ചിട്ടും എല്ലാവരുടേയും ദാഹമകറ്റാനാകാതെ വളരെ സങ്കടത്തോടെ കാള പപ്പന്‍ "നോ സ്റ്റോക്ക്" ബോര്‍ഡ് തൂക്കിയതിനാല്‍ അവിടെ രക്ഷയില്ല.
പക്ഷേ കുടിയന്മാരുടെ മനസ്സ് എപ്പോഴും ജാഗരൂഗമായിരിക്കുമെന്ന് തെളിയിച്ചു കൊണ്ട് ഗോപാലനും, കുമാരനും കള്ള്‌ഷാപ്പിലേക്ക് ഓടി.
ഷാപ്പടച്ചിരുന്നുവെങ്കിലും പിന്നിലെ ചായ്പ്പിനിടയിലൂടെ നുഴഞ്ഞുകയറിയത് കുമാരനായിരുന്നു.
മണ്‍കുട്ടകത്തിനടിയില്‍ ഊറിക്കൂടിയിരുന്ന കള്ള് കോരിയെടുക്കുന്നതിനിടയിലാണ് അവന്റെ തലച്ചോറില്‍ ഒരു ചെറിയ മിന്നലുണ്ടായത്..!!!
തന്നെ കാണുമ്പോള്‍ ശകുന്തള മുഖം തിരിക്കാന്‍ കാരണക്കാരന്‍ ആരാണ്....?
തന്നെ ഒരു അവശകാമുകനാക്കിയത് ആരാണ്...?
എന്തായാലും രമണനോ, പരീക്കുട്ടിയോ ചെയ്ത പോലെ പാട്ടുപാടി നടക്കാനൊന്നും പറ്റില്ല.
താനൊരു കുടിയന്‍ മാത്രമല്ല, വേട്ടക്കാരന്‍ കൂടിയാണെന്ന് തെളിയിക്കണം...ഷൂട്ട് ചെയ്യുക തന്നെ...
അധികം ചിന്തിച്ച് നില്‍ക്കാതെ അവന്‍ അടുപ്പില്‍ നിന്നും കുറച്ച് വെണ്ണീറെടുത്ത് കള്ളില്‍ നന്നായി കലക്കി. മണ്‍ചട്ടിയില്‍ ബാക്കിയുണ്ടായിരുന്ന മീന്‍ കറിയും കോരിയെടുത്തു.
ക്ഷേത്രത്തിനു പിന്നിലെ ഇരുട്ടില്‍ തലയില്‍ മുണ്ടിട്ട് പ്രകാശന്‍ ഒറ്റവലിയില്‍ സാധനം അകത്താക്കി. മീന്‍ കറി തൊട്ടൂ നക്കി പാത്രത്തിന്റെ അടിയില്‍ ഊറിക്കിടന്ന ധൈര്യത്തെ ഒരു തുള്ളി പോലും അവന്‍ പാഴാക്കിയില്ല.
കുമാരന്റെ ഈ കൊടും ചതി സന്തത സഹചാരിയായ ഗോപാലന്‍ പോലുമറിഞ്ഞില്ല.
പ്രകാശന് ധൈര്യം സിരകളിലാകെ പടര്‍ന്നു കയറി.
ഒന്നല്ല ഒരായിരം തെയ്യം കെട്ടാനുള്ള ശക്തി. തിരിച്ച് ആരും കാണാതെ പന്തലിനുള്ളിലെത്തിയപ്പോള്‍ വയറിനുള്ളിലെവിടെയോ എന്തോ ഒരു ഇളക്കമുണ്ടായതായി അവനു തോന്നി.പക്ഷേ അതിനു മേലെയായിരുന്നു കള്ളിന്റെ ലഹരി.
കുറത്തി ആടി കഴിഞ്ഞിരുന്നു. ഭക്തരൊക്കെ ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങാനുള്ള തിരക്കിലാണ്. അതിനിടയില്‍ അതാ ശകുന്തള അണിഞ്ഞൊരുങ്ങി...ഒന്നല്ല..രണ്ടു രൂപത്തില്‍....
കണ്ണുകള്‍ എവിടെയും ഉറച്ചു നില്‍ക്കുന്നില്ല....
അരങ്ങേറ്റത്തിനു മുന്നെ ഒരു ചെറുമയക്കം നല്ലതെന്ന് കരുതി ആരുമവനെ ശല്ല്യപ്പെടുത്തിയില്ല. ഉറക്കത്തിനിടയില്‍ തന്നെ അവന്റെ മുഖത്തെഴുത്തൊക്കെ പൂര്‍ത്തിയാക്കി. അപ്പന്‍ തട്ടിവിളിച്ച് എഴുന്നേല്‍പ്പിച്ചപ്പോള്‍ അവനാദ്യം അമ്പരപ്പായിരുന്നു.
തന്റെ അരങ്ങേറ്റമാണ് നടക്കാന്‍ പോകുന്നത്. കള്ളിന്റെ ലഹരി തീര്‍ത്തും വിട്ടു പിരിഞ്ഞിരുന്നില്ല.
അരയില്‍ കച്ച മുറുക്കി കെട്ടുമ്പോള്‍ വീണ്ടും വന്നു ഒരു വയറു വേദന...
ഒന്നു പുറത്തിരുന്നാലോ... എന്ന ശങ്ക...!!
അണിയലുകളൊക്കെ കഴിഞ്ഞു. കുത്തുവിലക്കുമായി സഹായികള്‍ കൈപിടിച്ചു. അപ്പന്റെ കാല്‍ തൊട്ട് വന്ദിച്ച് ക്ഷേത്രാങ്കണത്തിലേക്ക് നടന്നു....
വെളിച്ചം പകര്‍ന്ന ചൂട്ടുകളുടെ കനലുകള്‍ തട്ടിത്തെറിപ്പിച്ച്....കാലുകള്‍ അമര്‍ത്തി ചവിട്ടി ചിലങ്കകളുടെ ധ്വനികളുയര്‍ത്തി.....
കിരീടം തലയിലുറപ്പിച്ച് ചെറുകണ്ണാടിയില്‍ തുറിച്ചു നോക്കി അട്ടഹസിച്ചതോടെ അവനൊരു ദൈവമായി മാറി....
ചെണ്ടമേളങ്ങള്‍ക്കു മേലെ അലറി വിളിച്ചു കൊണ്ട് അവന്‍ നൃത്തമാരംഭിച്ചു....
ഒന്നോ രണ്ടോ ചുവടുകള്‍ മാത്രം....
വയറിനുള്ളില്‍ വീണ്ടും വല്ലാത്ത വേദന...
എന്തൊക്കെയോ അമറുന്ന പോലെ....
അന്തിക്കള്ളും, വെണ്ണീറും തമ്മിലുള്ള രസതന്ത്രം പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാവാം....
ചുറ്റിലും തിങ്ങി നിറഞ്ഞ പുരുഷാരമാണ്.. എല്ലാവരും തെയ്യത്തിനെ ഭയഭക്തിയോടെ തൊഴുതു നില്‍ക്കുന്നു.
അവന്റെ വയറിനുള്ളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. പുറത്തേക്ക് കുതിക്കാനുള്ള വെമ്പലോടെ....
പുറത്തേക്ക്....പുറത്തേക്ക് എന്ന മുദ്രാവാക്യം വിളികള്‍ ശക്തമായി.
ശ്വാസമൊക്കെ ഉള്ളിലേക്ക് വലിച്ച് പിടിച്ചു.
....എന്റെ പരദേവതേ........!!!" അവന്‍ കരഞ്ഞു വിളിച്ചു...
മുഖമൊക്കെ വലിഞ്ഞു മുറുകി...!!!
ഭക്തരൊക്കെ അന്തം വിട്ട് നോക്കുകയാണ്..
ചന്തുപ്പണിക്കര്‍ വരെ തൊഴുതു നിന്നു. അവനില്‍ ദൈവം സന്നിവേശിച്ചതായി അയാള്‍ക്കും തോന്നി.
എന്തൊരു ഭാവമാറ്റം....ചുവടുകളൊക്കെ പ്രത്യേക തരത്തിലായി.
പ്രകാശന്റെ കണ്ണില്‍ വരെ ചോര പൊടിഞ്ഞു.
ഇനി രക്ഷയില്ല.....
ആളുകള്‍ക്കിടയിലൂടെ ഒരൊറ്റ ചാട്ടമായിരുന്നു.
നേരെ ക്ഷേത്രക്കുളത്തിലേക്ക്....
ഭക്തരൊക്കെ അമ്പരന്നു പോയി....ഇതു വരെ കാണാത്ത ചടങ്ങ്..!!!
കഴുത്തോളം വെള്ളത്തിലിരുന്ന് അവനെന്തായാലും കാര്യം സാധിച്ചു. ആരുമറിയാതെ.
ആര്‍ക്കും ഒന്നും മനസ്സിലായില്ല. ചതിയന്‍ കുമാരനൊക്കെ മുന്നേ ഓഫായിരുന്നു.
എല്ലാവരും കുളത്തിനു ചുറ്റും ഓടിക്കൂടിയപ്പോള്‍ അവന്‍ വീണ്ടും ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ട് രൌദ്ര ഭാവത്തോടെ പൊന്തിവന്നു...നരസിംഹത്തിലെ മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ പൊലെ ഈറനണിഞ്ഞ് കുളപ്പടവിലിരുന്നപ്പോള്‍ മൊടോന്‍ കാഞ്ഞന്‍ വിളിച്ചു പറഞ്ഞു
"..ഇതാണ് നമ്മുടെ കൊളത്തില്‍ ചാമുണ്ടി...."
'''''''''''''''''''''''''''''''''''''''''''''''''''''''''''
അങ്ങിനെ പ്രകാശന്‍ ഒരു സംഭവമായി മാറി.
അവന്റെ വിജയം അടച്ചമര്‍ത്തപ്പെട്ടവന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായി സഖാവ് പരമുവേട്ടന്‍ വിലയിരുത്തി..!!!
ശകുന്തള അവന്റെ ജീവിത സഖിയായി..
ഒരു വര്‍ഷത്തെ കാഴ്‌ച്ചകള്‍ക്കു മുന്നില്‍ നമുക്ക് കണ്ണടക്കാം.
ക്ഷേത്രത്തില്‍ വീണ്ടും കളിയാട്ടം വന്നു.
തെയ്യക്കോലം ആരു കെട്ടുമെന്ന ചോദ്യമുണ്ടായില്ല.
പ്രകാശന്‍ ഒരു മഹാപ്രസ്ഥാനമായി മുന്നിലുണ്ടല്ലോ.
ഇത്തവണ തെയ്യം കെട്ടിയപ്പോള്‍ അവന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ചുവ്വടുകളൊക്കെ അനായാസമായിരുന്നു.
പക്ഷേ....
താനായുണ്ടാക്കിയതാണെങ്കിലും അനുഷ്ഠാനങ്ങള്‍ തെറ്റിക്കരുതല്ലോ...
അലറി വിളിച്ചു കൊണ്ട് ഇത്തവണയും അവന്‍ കുളത്തിലേക്ക് എടുത്തു ചാടി.
അലക്കുകാരന്‍ വണ്ണത്താന്‍ അമ്പുവേട്ടന്‍ അപ്പോഴാണ് വെടി പൊട്ടിച്ചത്...
"നായിന്റെ മോന്‍....ഇത്തവണയും ഉടുത്തതില്‍ തൂറിയല്ലോ..."
കുളത്തില്‍ ചാമുണ്ടിയുടെ കഥ അങ്ങിനെ പുറത്തായി.
അനുഷ്ഠാനങ്ങള്‍ ഉണ്ടാക്കിയ പ്രകാശന് പുതിയ ഒരു പേരും കിട്ടി...
അതെന്താണെന്നു മാത്രം പറയുന്നില്ല...!!!!
ഹഹഹ.. അത് കലക്കി.. ആ പേരെന്തായിരുന്നു..?
മറുപടിഇല്ലാതാക്കൂവളരെ നന്നായി കുളത്തില്‍ ചാമുണ്ടിയുടെ കഥ
മറുപടിഇല്ലാതാക്കൂവളരെ വളരെ നന്നായിട്ടൂണ്ടൂ... കഥാഭൂമികയിലൂടെ ഒരു പ്രദക്ഷിണം വച്ച പ്രതീതി..അപ്പോ “ കൊളത്തിൽ ചാമ്മുണ്ടിയുടെ“ തോറ്റം ഇങ്ങിനെയാണല്ലെ!!!രസകരമായി എഴുതി...തെയ്യക്കഥകൾ ഇനിയും പോരട്ടെ...ഭാവുകങ്ങൾ..
മറുപടിഇല്ലാതാക്കൂഖസാക്കിലെ കഥയോര്‍മ്മിപ്പിച്ചെങ്കിലും സംഗതി രസിച്ചു :)
മറുപടിഇല്ലാതാക്കൂ