വർത്തമാനത്തിനൊടുവിലെ ദീർഘവിരാമത്തിലാണ്
ചരിത്രത്തിന്റെ ജനനം.
നമ്മുടെ ഓർമ്മകളിലൂടെയും എഴുതപ്പെട്ട രേഖകളിലൂടെയുമാണ്
ഭൂതകാലം ഉണ്ടാകുന്നത്.
മനസ്സിനുള്ളിൽ കോറിയിട്ട ചിത്രങ്ങളും, സ്മരണകളുമായി
പോയ കാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം...
വെങ്ങരയുടെ ഓരോ നാട്ടുവഴികളും ഓർത്ത് വെയ്ക്കാം
ഓരോ വഴികളിലും ഓരോ ഓർമ്മയിട്ട് വരാം
തിരിച്ച് പോകുമ്പോൾ അതെടുത്ത് നോക്കാം...
നോക്കൂ, ഏതെങ്കിലും ഓർമ്മകളിൽ തെളിഞ്ഞ് നിൽക്കുന്നത്
നമ്മുടെ വായനശാല തന്നെയായിരിക്കും !!!
ഉച്ചയ്ക്ക് സ്ക്കൂളിൽ നിന്ന് വീട്ടിലേക്കോടുമ്പോൾ അവിടുത്തെ കോളാമ്പിയിലൂടെ
ആകാശവാണിയിൽ നിന്നു വാർത്തകൾ വായിക്കുന്ന
സുഷമയുടെ ഓർമ്മകളാണ് ആദ്യമെത്തുന്നത്.
അല്ലെങ്കിൽ അക്കാലത്ത് "പൂമ്പാറ്റ"യിൽ അനന്തപൈയുടെ ചിത്രകഥയിലെ
കപീഷിന്റെ നീണ്ടു നീണ്ടു പോകുന്ന വാല് പോലെ......
ഭൂതകാലത്തെ നിയന്ത്രിച്ച പൂർവ്വികർക്ക് വർത്തമാനത്തിലെ
തലമുറയെ കൈപ്പിടിയിൽ ഒതുക്കാനായില്ല.
ഇന്ദിരാഗാന്ധി മരിച്ച ദിവസം ആദ്യമായി കണ്ട വായനശാലയിലെ ടെലിവിഷനിലെ
മൂളുന്ന പാറ്റകൾക്ക് മുന്നിൽ എല്ലാവരും കാഴ്ച്ചക്കാരായി മാത്രം നിന്നു...
പിന്നീട് സ്വപ്നജീവികൾ വരച്ചിടുന്ന കാല്പനിക ലോകത്തേക്കുള്ള പലായനമായിരുന്നു.
വായന അസ്തമിച്ചു.
കാറ്റും വെളിച്ചവും കടക്കാത്ത വേറിട്ട ചിന്തകളുടെ കടന്നുകയറ്റം...
വെങ്ങരയെ കാൻസർ പോലെ കാർന്നു തിന്ന ഗ്രൂപ്പ് രാഷ്ട്രീയവും
വായനശാലയെ തളർത്തി.
പുതുമയുടെ പേരിൽ തീയിട്ട പഴയ പുസ്തകങ്ങൾക്കിടയിൽ നിന്നും കിട്ടിയ
പകുതിയും കത്തി തീർന്ന "ഒരു ദേശത്തിന്റെ കഥ" ഞാനിപ്പോഴും
സൂക്ഷിക്കുന്നുണ്ട്.
അതു ഒരു ദേശത്തിന്റെ പതനമായിരുന്നു.
എൻ.പ്രഭാകരൻ, കൃഷ്ണൻ പണിക്കർ, ഇബ്രാഹിം വെങ്ങര, കെ.പി.കെ,
കെ.പി.ഗോപാലൻ, കെ.കെ.ആർ, ഗിരീഷ് വെങ്ങര തുടങ്ങി
ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത വായനശാലയുടെ മുഖത്തേക്കുള്ള
കാർക്കിച്ച് തുപ്പൽ...
ആരായിരിക്കാം ഉത്തരവാദി ?
അസഹിഷ്ണുതയുടെ മാളങ്ങളിൽ നിന്നും
വിഷസർപ്പങ്ങൾ ഇഴഞ്ഞുവന്നേക്കാം...
ഒരു വിരൽ നിനക്ക് നേരെ നീളുമ്പോൾ ബാക്കി നാല് വിരലുകൾ
എനിക്ക് നേരെ തന്നെയാകാം...
എന്തായാലും വായന ഇല്ലാതാകുന്നിടത്ത് ഒരു സമൂഹം കൂടി
മരിക്കുന്നു എന്നതിന് നമ്മൾ തന്നെയാണ് സാക്ഷികൾ.
ഇത് തിരിച്ചറിവുകളുടെ കാലമാണ്...
സ്വന്തം പരിധികൾ ഭേദിക്കുമ്പോഴാണ് നമുക്ക് തിരിച്ചറിവുകൾ
ഉണ്ടാകുന്നത്.
നാട്ടുവെളിച്ചം കടക്കാത്ത കാട്ടുവഴികളിൽ കൂട്ടം തെറ്റിയവരൊക്കെ
പുതിയ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നു...
ഇന്നലെകളിൽ വെങ്ങരയുടെ പേരും പെരുമയും ഉയർത്തിയ
വായനശാലയുടെ അമ്പതാം വാർഷികം ആഘോഷിക്കപ്പെടുകയാണ്...
കേളുമാഷും, മാരാർമാഷും, ദാമോദരൻ വൈദ്യരും, കേശവൻ മാഷും,
പറമ്പത്ത് കരുണേട്ടനും ഇപ്പോൾ ചിരിക്കുന്നുണ്ടാകാം !!!
ആ നിറകൺചിരി നമുക്കും ഏറ്റുവാങ്ങാം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ