2010, ജൂൺ 1, ചൊവ്വാഴ്ച

നെരിപ്പോട്‌

ഒരു അവധിക്കാലത്താണ്‌ കൂട്ടുകാരൊക്കെ രാമൂട്ടി എന്നു വിളിക്കുന്ന കുമാരനുമായി വല്ലാത്ത അടുപ്പത്തിലായത്‌. സ്ക്കൂളില്‍ നിന്ന്‌ വരുന്ന വഴിയായിരുന്നു അവന്റെ വീട്‌. ചെമ്പക മരങ്ങള്‍ അതിരുകള്‍ വിരിച്ച ഒരു വലിയ പറമ്പിന്റെ മദ്ധ്യത്തിലുള്ള ഒരു പൊളിഞ്ഞു വീഴാറായ ഒരു വീട്‌.

അവന്റെ അമ്മ ഒരു സ്വപ്ന ജീവിയായിരുന്നു. അച്ചനെ കണ്ട ഓർമ്മ പോലുമില്ലാത്ത അവന്‌ പിന്നെയുള്ളത്‌ അമ്മൂമ്മയായിരുന്നു. ആ അമ്മൂമ്മ പറയുന്ന കഥകള്‍ കേള്‍ക്കാനാണ്‌ ഞാനവിടേക്ക്‌ പോയിരുന്നത്‌.
എന്തെല്ലാം കഥകളായിരുന്നു അവര്‍ പറഞ്ഞു തന്നത്‌. തൊപ്പി വില്‍പ്പനക്കാരന്റെ പാട്ടുകളൊക്കെ പാടി രസിപ്പിക്കുമായിരുന്നു.

"പണ്ടൊരുനാൾ തൊപ്പി വിൽക്കും...കച്ചവടക്കാരൻ...."
നല്ല ഈണത്തിൽ പാടി തുടങ്ങി എത്രയെത്ര കഥകൾ...!!!

അങ്ങിനെ എന്റെ പകലുകളെല്ലാം അവിടെയായി. അയല്‍പക്കത്തുള്ള സതീശനും, വസുമതിയും, ഹരീന്ദ്രനുമൊക്കെ ചേര്‍ന്നതോടെ അത്‌ വിപുലമായി.
അങ്ങിനെ അവിടുത്തെ ചെമ്പക മരചോട്ടില്‍ ഞങ്ങളൊരു പന്തലുണ്ടാക്കി.

ഓരോ ദിവസവും ഓരോ തരം കളികളായിരുന്നു.

സതീശൻ കച്ചവടക്കാരനാകും. ഞങ്ങളെല്ലാം സാധനങ്ങള്‍ വാങ്ങും. അവന്‍ ചിരട്ട കൊണ്ട്‌ ത്രാസുണ്ടാക്കി മണ്ണിന്റെ പഞ്ചസാരയൊക്കെ കൃത്യമായി തൂക്കി വില്‍ക്കും....
ചിലപ്പോള്‍ തെയ്യം കെട്ടും....

അങ്ങിനെ കളികളില്‍ വൈവിധ്യങ്ങള്‍ തേടുന്നതിനിടയിലാണ്‌ കല്ല്യാണക്കളി എന്ന ആശയം ഞാന്‍ മുന്നോട്ട്‌ വെച്ചത്‌.
പടിഞ്ഞാറേ വീട്ടിലെ ചന്തുവേട്ടന്റെ വീട്ടിലെ കല്ല്യാണം കഴിഞ്ഞ ദിവസമായിരുന്നു അന്ന്‌.

അങ്ങിനെ കല്ല്യാണ പന്തല്‍ തയ്യാറായി. ഞാനും വസുമതിയും വധൂ വരന്മാരായി. ചെമ്പകപ്പൂവുകള്‍ കോര്‍ത്ത് മാലയുണ്ടാക്കി പരസ്പരം ചാര്‍ത്തി.

സിമന്റ്‌ ചാക്കില്‍ കഞ്ഞിപ്പശ തേച്ച്‌ മണ്‍ ചട്ടിയുടെ കഴുത്തിലൊട്ടിച്ച്‌, വെയിലില്‍ ഉണക്കിയെടുത്ത ചെണ്ട കൊണ്ട്‌ കുമാരന്‍ വാദ്യം പിടിച്ചു.

ഹരീന്ദ്രന്‍ ഓലപ്പീപ്പി വിളിച്ചു.

പച്ചിലകളൂം, മണ്ണും കൊണ്ട്‌ സദ്യ ഒരുക്കി.
അവസാനം ഞങ്ങളെ ഓലപ്പന്തലിനുള്ളിലാക്കി വാതിലടച്ചു.
വസുമതി നാണത്തോടെ മുഖം കുനിച്ചിരുന്നു.
അപ്പോൾ കുമാരനാണ്‌ പറഞ്ഞത്‌, കല്ല്യാണം കഴിഞ്ഞാല്‍ കെട്ടി പിടിച്ച്‌ കിടക്കണമെന്ന്‌.സിനിമകളിലൊക്കെ അങ്ങിനെയാണ്‌. അതിനാൽ കുറച്ചുനേരം ഞങ്ങള്‍ കെട്ടിപിടിച്ച്‌ കിടന്നു.

പിറ്റേന്ന്‌ ഹരീന്ദ്രനാണ്‌ പറഞ്ഞത്‌ പ്രശ്നമാകുമെന്ന്‌. കെട്ടി പിടിച്ച്‌ കിടന്നാല്‍ ചിലപ്പോള്‍ കുട്ടികളുണ്ടാകും. ഉച്ചൂളിക്കുന്നിനടുത്തുള്ള ആറോന്‍ സായ്‌വിന്റെ കെട്ടിടത്തിനുള്ളില്‍ ദാമോദരേട്ടനും, ശാന്തേച്ചിയും കെട്ടിപിടിച്ച്‌ കിടക്കുന്നത്‌ അവന്‍ പല തവണ കണ്ടിട്ടുണ്ടു പോലും. അതിനു ശേഷമാണത്രേ ശാന്തേച്ചി പ്രസവിച്ചത്‌!!!

ആകെ പ്രശ്നമായി.
വസുമതി അത്‌ കേട്ടപാടെ കരച്ചിലായി. ഞാനും വല്ലാതെ ഭയപ്പെട്ടു. എന്തു ചെയ്യാം.....

ഹരീന്ദ്രന്റെ തല പേട്‌ തേങ്ങ പോലെയാണെങ്കിലും അതില്‍ നിറയെ ബുദ്ധിയായിരുന്നു. അവന്‍ പറഞ്ഞു,
"ഒരു വഴിയുണ്ട്‌...നമുക്ക്‌ പൂജ ചെയ്യാം...."
ശാന്തേച്ചിയുടെ വീട്ടില്‍ ഇടക്കിടെ ഗോപി പണിക്കര്‍ വന്ന്‌ എന്തൊക്കെയോ പൂജകള്‍ ചെയ്യാറുണ്ട്‌. കുട്ടികള്‍ ഉണ്ടാവാതിരിക്കാനണെന്ന്‌ പെണ്ണുങ്ങളൊക്കെ അടക്കം പറയാറുള്ളത്‌ ഹരീന്ദ്രന്‍ സൂചിപ്പിച്ചു.

അങ്ങിനെയാണ്‌ ഉമേശന്‍ ഈ കഥയിലേക്ക്‌ കടന്നു വരുന്നത്‌. അവന്റെ അച്ചന്‍ നാട്ടിലെ തെയ്യങ്ങളുടെ പരികര്‍മ്മിയാണ്‌. അച്ചനെ പോലെ വലിയ പൂജാരി ആകണമെന്ന്‌ മാത്രമായിരുന്നു അവന്റെ ആഗ്രഹം. അതിനാല്‍ തന്നെ കേട്ടപാടെ അവന്‍ സമ്മതിച്ചു.

ഒടുവില്‍ കുഞ്ഞുണ്ടാവാതിരിക്കാനുള്ള പൂജ ആരംഭിച്ചു.
പുഴക്കരയിൽ നിന്ന് പറിച്ചെടുത്ത കാട്ട് ചെക്കിപ്പൂക്കളും, തുളസിയും അവന്റെ പക്കലുണ്ടായിരുന്നു.

പൂജ തുടങ്ങുന്നതിന്‌ മുന്നെ
അവന്റെ അച്ചന്‍ കുടിക്കുന്ന നാടന്‍ ചാരായത്തിന്റെ കുപ്പി അവന്‍ ഇടക്കിടെ മണപ്പിക്കുന്നുണ്ടായിരുന്നു. അതെന്തിനാണെന്ന്‌ ചോദിച്ചപ്പോള്‍ അവന്‍ കണ്ണുരുട്ടി മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു.

വസുമതിയെ മുന്നിലിരുത്തി അവന്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി.
"കാട്ടിലും, മേട്ടിലും...കയ്യാലപ്പുറത്തും...
കുണ്ടിലും, ഇടവഴിയിലും ഓടിക്കളിക്കും പൈതങ്ങളേ...."
എന്നൊക്കെ പറഞ്ഞ്‌ പൂവുകള്‍ വസുമതിയുടെ മേലെ വാരിയെറിഞ്ഞു.

വസുമതി പേടിച്ച് കണ്ണടച്ചിരുന്നു.
അഞ്ച്‌ മിനിട്ട്‌ നേരം മിണ്ടാതിരിക്കാന്‍ ആംഗ്യം കാട്ടി അവന്‍ തിരിഞ്ഞു നോക്കാതെ ഓടിപ്പോയി.

എങ്കിലേ മന്ത്രം ഫലിക്കൂ...

എന്റെ കൈയ്യിലുണ്ടായിരുന്ന അമ്പിളിമാമന്റെ കഥാപുസ്തകങ്ങളും, തീപ്പെട്ടി ചിത്രങ്ങളുടെ ആല്‍ബവും അവന്‍ അതിന്‌ പ്രതിഫലം വാങ്ങി. എന്തു കൊടുക്കാനും ഞാന്‍ തയ്യാറുമായിരുന്നു.

പക്ഷേ പിന്നീട്‌ വസുമതി ഞങ്ങളുടെ കൂടെ കളിക്കാന്‍ വന്നതേയില്ല.

കാലം ഒരു പുഴ പോലെ ഒഴുകി കൊണ്ടിരുന്നു.
കുമാരന്റെ അമ്മൂമ്മ പാടി പാടി മരിച്ചു.
അവന്റെ അമ്മയ്ക്ക്‌ മുഴുഭ്രാന്തായി..
വസുമതിയൊക്കെ എങ്ങോട്ടോ പോയി.















കഥ ഇവിടെ തീരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒരു ഉത്സവപ്പറമ്പില്‍ വെച്ച്‌ ഹരീന്ദ്രന്‍ തന്നെയാണ്‌ എനിക്ക്‌ വസുമതിയെ കാട്ടിതന്നത്‌. അവളിപ്പോള്‍ തടിച്ച്‌ ഒരു വലിയ സ്ത്രീയായിരിക്കുന്നു.
പരിചയം പുതുക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

"...കുട്ടികള്‍......?"

"ഇതു വരെ......" സങ്കടച്ചുവയോടെ അവള്‍ പാതിയില്‍ നിര്‍ത്തിയപ്പോള്‍ എന്റെ ഉള്ളിലെവിടെയോ, എന്തോ കൊളുത്തി വലിച്ചു...!!!

അമ്പലത്തിൽ ചെണ്ടമേളം തുടങ്ങിയിരിക്കുന്നു...
ചിലങ്കമേളങ്ങൾ അസുരതാളങ്ങൾക്ക് മേലെ ഉയരുന്നതിനിടയിലും വസുമതിയുടെ നിശ്വാസങ്ങൾ എന്നെ വിലയം ചെയ്തു.

കാറ്റിൽ അടർന്നുവീണ ചെമ്പകപ്പൂവുകളിൽ മകരമഞ്ഞ് അവളുടെ കണ്ണീര്‌പോലെ വറ്റാതെ കിടന്നു

ഇപ്പോഴും എന്റെ മനസ്സിലെ മായാത്ത നെരിപ്പോടാണ്‌ വസുമതി എന്ന കളിക്കൂട്ടുകാരി.

11 അഭിപ്രായങ്ങൾ:

  1. കൊള്ളാട്ടാ...ഇതിനെന്തു ലേബൽ കൊടുക്കും വെങ്ങരക്കാരാ....നർമ്മം , കഥ , അനുഭവം ഇതെല്ലാം കൂടിച്ചേർന്ന ഒരു സാധനം എന്നാ ഈ കൊട്ടിലക്കാരന്റെ ചെറിയ ബുദ്ധിയിൽ വന്ന ഒരു പേരു പറയാം അനുനർമ്മകഥ.

    മറുപടിഇല്ലാതാക്കൂ
  2. ഒരോ അറിവുകള്‍ വരുന്ന വഴിയേ!
    പിന്നെ അതു വരുത്തുന്ന പൊല്ലാപ്പുകളും... ..
    "കാട്ടിലും, മേട്ടിലും...കയ്യാലപ്പുറത്തും...
    കുണ്ടിലും, ഇടവഴിയിലും
    ഓടിക്കളിക്കും പൈതങ്ങളേ.
    ഓടീയോടി വായോ ..."

    മറുപടിഇല്ലാതാക്കൂ
  3. ന്റമ്മോ!
    അയല്‍ വീടുകളില്‍ പിള്ളേരില്ലാഞ്ഞതും...
    കളിക്കാന്‍ പോകാത്തതും ഭാഗ്യം!


    എന്തായലും ബൂലോകത്ത്യ്ക്കു സ്വാഗതം!

    മറുപടിഇല്ലാതാക്കൂ
  4. നല്ല ഒരു അനുഭവം ...ഞാനും അങ്ങനെ വിശ്വസിച്ചിരുന്നു പണ്ട്

    മറുപടിഇല്ലാതാക്കൂ
  5. നന്നായി പറഞ്ഞിരിക്കുന്നു. ഒത്തിരി ഇഷ്ട്ടായി
    കുട്ടിക്കാലത്തെ കളികള്‍ ഒക്കെ നല്ല രസാ

    മറുപടിഇല്ലാതാക്കൂ
  6. ബൂ ലോകത്തെ തുടക്കകാരനാണ്‌ ഞാന്‍...
    അഭിപ്രായങ്ങള്‍ക്കും, പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. അന്ന് കുട്ടികളായ നമ്മുടെയൊക്കെ കളികളിലും ജീവിതത്തിലും തെറ്റ് എന്നത് എന്താണെന്നറിയില്ലായിരുന്നു. ഇന്ന് എന്താണ് തെറ്റ് എന്ന് എല്ലാ കുട്ടികള്‍ക്കും അറിയാം.അതു തന്നെയാണ് ഇന്നത്തെ കുട്ടികളുടെയും മാതാപിതാക്കളുടേയും പ്രശ്നവും.

    വെങ്ങരക്കാരാ... രണ്ടനുഭവങ്ങളും നന്നായി പകര്‍ത്തിയിരിക്കുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. കഥ നന്നായിരിക്കുന്നു. ചെറുപ്രായത്തില് എന്റെ കൂട്ടുകാരായ പുരുഷുവും രാധയും ശാന്തയുമൊക്കെ ഓര്മ്മയില് ഓടിയെത്തി. അതാണ്' കഥകാരന്റെ വിജയം . അഭിനന്ദനങ്ങള്.

    മറുപടിഇല്ലാതാക്കൂ